ജെ.എം.എം പിളർപ്പിലേക്ക്; പുതിയ പാർട്ടി രൂപവത്കരിക്കാൻ ചമ്പായ് സോറൻ; പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ

ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ.എം.എം മുതിർന്ന നേതാവുമായ ചമ്പായ് സോറൻ പുതിയ പാർട്ടി രൂപവത്കരിക്കുന്നു. ജെ.എം.എം വിടുമെന്ന സൂചന നൽകിയതിനു പിന്നാലെയാണ് പുതിയ പാർട്ടി രൂപവത്കരിക്കാനുള്ള നീക്കം വെളിപ്പെടുത്തിയത്. പാർട്ടിയിൽ നേരിടേണ്ടി വന്ന അപമാനങ്ങളും തിരസ്കാരങ്ങളും മറ്റൊരു വഴി തെരഞ്ഞെടുക്കാന്‍ തന്നെ നിർബന്ധിതനാക്കുന്നതായി അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

പിന്നാലെ ഡൽഹിയിലെത്തിയ അദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ബുധനാഴ്ചയാണ് പുതിയ പാർട്ടി രൂപവത്കരിക്കുന്ന കാര്യം അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ‘എന്റെ മുന്നിൽ മൂന്നു വഴികളാണുള്ളതെന്ന് വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുക, പുതിയ പാർട്ടി രൂപവ്തകരിക്കുക, മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി സഹകരിക്കുക. ഞാൻ വിരമിക്കില്ല; പാർട്ടിയെ ശക്തിപ്പെടുത്തും, പുതിയൊരു പാർട്ടിയെ. മുന്നോട്ടുള്ള വഴിയിൽ നല്ല സുഹൃത്തിനെ കണ്ടുമുട്ടിയാൽ, അവരുമായി സഹകരിച്ച് പ്രവർത്തിക്കും’ -ചമ്പായ് സോറൻ പ്രതികരിച്ചു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പുതിയൊരു പാർട്ടി രൂപവത്കരിക്കാൻ മതിയായ സമയമുണ്ടോയെന്ന ചോദ്യത്തിന്, അത് പ്രശ്‌നമല്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്. ഒറ്റ ദിവസം മാത്രം 30,000-40,000 പ്രവർത്തകർ എത്തുകയാണെങ്കിൽ ഒരു പുതിയ പാർട്ടി രൂപവത്കരിക്കുന്നതിന് എന്താണ് പ്രശ്നമെന്നും അദ്ദേഹം ചോദിച്ചു. ‌പാർട്ടിയിൽ നേരിട്ട അപമാനവും തിരസ്കാരവുമാണ് മറ്റൊരു പാത തെരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അറസ്റ്റു ചെയ്തതിനെത്തുടർന്ന് ഹേമന്ത് സോറൻ രാജിവച്ചപ്പോഴാണ് ചമ്പായ് സോറൻ മുഖ്യമന്ത്രിയായത്. അഞ്ചു മാസത്തിനുശേഷം ജാമ്യം ലഭിച്ച് ഹേമന്ത് സോറൻ തിരിച്ചെത്തിയതോടെയാണ് അദ്ദേഹ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. ഇതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു. നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമാണെങ്കിലും അധികാര തകർക്കവുമായി ബന്ധപ്പെട്ട് ഹേമന്ത് സോറനുമായി അകൽച്ചയിലാണ്.

Tags:    
News Summary - Jharkhand ex-CM Champai Soren announces plan to float new political party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.