റാഞ്ചി: ഝാർഖണ്ട് ജില്ലാ ജഡ്ജിയുടെ മരണത്തിൽ സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചു. മനഃപൂർവം ജഡ്ജിയെ വാഹനമിടിപ്പിച്ചതാണെന്ന് സി.ബി.ഐ ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രഭാത സവാരിക്കിടെ ജഡ്ജി ഓട്ടോയിടിച്ച് മരിച്ചത്.
പ്രാഥമിക പരിശോധനയിലും കുറ്റകൃത്യം പുനർസൃഷ്ടിച്ചതിൽ നിന്നും മനഃപൂർവം വാഹനം ഇടിച്ചതാണെന്ന് വ്യക്തമായി. പ്രദേശത്തെ സി.സി.ടി.വി കാമറകളും പരിശോധിച്ചെന്ന് സി.ബി.ഐ പറഞ്ഞു. കേസിലെ അന്വേഷണം അവസാനഘട്ടത്തിലാണ്. ഫോറൻസിക് റിപ്പോർട്ടും ലഭ്യമായ തെളിവുകളും കൂട്ടിയിണക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. നാല് ടീമുകളായി ചേർന്നാണ് ഫോറൻസിക് തെളിവുകൾ പരിശോധിക്കുന്നതെന്നും സി.ബി.ഐ കോടതിയിൽ നിലപാടറിയിച്ചു.
കേസന്വേഷണത്തിലെ മെല്ലെേപാക്കിനെതിരെ കോടതി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സി.ബി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. ധൻബാദ് ജില്ല കോടതിക്ക് സമീപം രൺധീർ വർമ ചൗക്കിൽ വെച്ചാണ് ജില്ലാ ജഡ്ജിയായ ഉത്തം ആനന്ദ് വാഹനമിടിച്ച് മരിച്ചത്. ധൻബാദ് മജിസ്ട്രേറ്റ് കോളനിക്ക് സമീപത്തായിരുന്നു സംഭവം. പരിക്കുകളോടെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.