റാഞ്ചി: ജാർഖണ്ഡിൽ സ്കൂളിൽ നിന്ന് രാത്രി ഭക്ഷണം കഴിച്ച 100ൽ അധികം കുട്ടികൾ ആശുപത്രിയിൽ. ജാർഖണ്ഡിലെ പകൂർ ജില്ലയിലെ സ്വകാര്യ റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചശേഷം കുട്ടികൾക്ക് ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുകയായിരുന്നു.
രാത്രി ഭക്ഷണം കഴിക്കുമ്പോൾ പ്ലേറ്റിൽ നിന്ന് പല്ലിയെ ലഭിച്ചതായി കുട്ടികൾ ആരോപിച്ചു. പകൂർ ഡെപ്യൂട്ടി കമീഷണർ മൃത്യുഞ്ജയ് ബർൺവാൾ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.
“കുട്ടികളിൽ ചിലരെ പകൂറിലെ സർക്കാർ ആശുപത്രിയിലും മറ്റുള്ളവരെ മറ്റൊരു സർക്കാർ ആശുപത്രിയിലും എത്തിച്ചു. എല്ലാ വിദ്യാർഥികളും സുരക്ഷിതരാണ്. അവരിൽ ഭൂരിഭാഗംപേരെയും വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്തു”-ബർൺവാൾ പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഹോസ്റ്റലിൽ നിന്ന് ഭക്ഷണസാമ്പിളുകൾ ശേഖരിക്കാനും ഭക്ഷ്യസുരക്ഷാ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ സൂപ്രണ്ട് എന്നിവരടങ്ങുന്ന സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാർഥികളിൽ ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും ഛർദ്ദി അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഡിസ്ചാർജ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.