ധുംക: ഝാർഖണ്ഡിൽ ആടിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ധുംക ഗ്രാമത്തിലാണ് സംഭവം നടന്നത്. ആടിനെ മോഷ്ടിച്ചുവെന്നാരോപിച്ച് രണ്ട് യുവാക്കളെ പ്രദേശവാസികൾ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. ഗുരുതര പരിേക്കറ്റ സുബാൻ അൻസാരി(26) ആണ് മരിച്ചത്. അൻസാരിയുടെ സുഹൃത്ത് ദുലാൽ മിർധയെ(22) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അയൽഗ്രാമമായ കാതികുണ്ഡിൽനിന്നും ആടിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ആൾക്കൂട്ടം ഇവെര പിടികൂടുകയായിരുന്നു. ഗ്രാമത്തിന് പുറത്തുള്ള സ്ഥലത്ത് യുവാക്കൾ ആടിനെ വെട്ടുന്നത് കണ്ടതായി പ്രദേശവാസികൾ പ്രചരിപ്പിച്ചതോടെ ആൾക്കൂട്ടം ഇവരെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
തടിച്ചുകൂടിയ ആളുകൾ ഇരുവരെയും ഗ്രാമത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും യുവാക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും രക്തസ്രാവമുണ്ടാവുകയും ചെയ്തിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുബാൻ അൻസാരി മരിച്ചു.
ആൾക്കൂട്ടകൊലയിൽ പങ്കുള്ളവരുടെ പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ധുംക പൊലീസ് സൂപ്രണ്ട് അംബർ ലക്ദ അറിയിച്ചു. കൊല്ലപ്പെട്ട അൻസാരിക്കെതിരെയും സുഹൃത്തിനെതിരെയും മോഷണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
മുമ്പും പശു, ആട് മോഷണം ആരോപിച്ച് ഝാർഖണ്ഡിൽ നിരവധി പേരെ ആൾക്കൂട്ടം തല്ലിക്കൊന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ ജുർമോ ഗ്രാമത്തിൽ ചത്ത കാളയുടെ ഇറച്ചിയെടുത്തെന്ന് ആരോപിച്ച് ആദിവാസി ക്രിസ്ത്യൻ യുവാവിനെ ജനക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. പ്രകാശ് ലക്ര എന്നയാളാണ് അന്ന് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.