ഹസാരിബാഗ്: ഝാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ ഫിനാൻസ് കമ്പനിയുടെ റിക്കവറി ഏജന്റ് ട്രാക്ടർ കയറ്റി യുവതിയെ കൊന്നു. ഗർഭിണിയായ യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇച്ചാക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ചയാണ് സംഭവം. ഭിന്നശേഷിക്കാരനായ കർഷകന്റെ മകളാണ് ഇരയായ യുവതി. മൂന്ന് മാസം ഗർഭിണിയായിരുന്നു. ട്രാക്ടർ വീണ്ടെടുക്കാൻ കർഷകന്റെ വീട്ടിലെത്തിയ ഫിനാൻസ് കമ്പനി ഉദ്യോഗസ്ഥനും കർഷകനും തമ്മിൽ തർക്കമുണ്ടായതായി ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് രത്തൻ ചോത്തെ എ.എൻ.ഐയോട് പറഞ്ഞു. വാക്കുതർക്കത്തെ തുടർന്ന് മകൾ ട്രാക്ടർ ചക്രത്തിനടിയിൽ പെട്ടു. സ്വകാര്യ ഫിനാൻസ് കമ്പനിയുടെ റിക്കവറി ഏജന്റും മാനേജരും ഉൾപ്പെടെ നാല് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായി ഡി.എസ്.പി പറഞ്ഞു. തങ്ങളെ അറിയിക്കാതെയാണ് മഹീന്ദ്ര ഫിനാൻസ് കമ്പനി അധികൃതർ വീട്ടിലെത്തിയത്.
"അവൾ ട്രാക്ടറിന് മുന്നിൽ വന്നു തടസംനിന്നു. തർക്കം പൊട്ടിപ്പുറപ്പെട്ടപ്പോൾ അവർ അവളെ ചതച്ചു കൊന്നു. പിന്നീട് അവളെ ആശുപത്രിയിൽ എത്തിച്ചു" -അദ്ദേഹം പറഞ്ഞു. ട്രാക്ടർ വീണ്ടെടുക്കുന്നതിനായി കർഷകന്റെ വീട്ടിലേക്ക് പോകുന്നതിന് മുമ്പ് ഫിനാൻസ് കമ്പനിയുടെ ഉദ്യോഗസ്ഥർ ലോക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നില്ലെന്ന് ഹസാരിബാഗിലെ ലോക്കൽ പൊലീസ് എ.എൻ.ഐയോട് പറഞ്ഞു. എല്ലാ വശങ്ങളും കമ്പനി അന്വേഷിക്കുമെന്ന് മഹീന്ദ്ര ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അനീഷ് ഷാ വെള്ളിയാഴ്ച പറഞ്ഞു. "ഹസാരിബാഗ് സംഭവത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖവും അസ്വസ്ഥതയും ഉണ്ട്. ഒരു മനുഷ്യ ദുരന്തം സംഭവിച്ചു. നിലവിലുള്ള മൂന്നാം കക്ഷി കലക്ഷൻ ഏജൻസികളെ ഉപയോഗിക്കുന്ന രീതി ഞങ്ങൾ പരിശോധിക്കും" -ഷാ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.