പോരാട്ടം കനത്തതോടെ എതിര്‍വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും കച്ചമുറുക്കുന്നു. സ്വതന്ത്രനായി തെരഞ്ഞെടുപ്പിനിറങ്ങിയ ഉന ദലിത് സമരനായകൻ ജിഗ്നേഷ് മേവാനിയെ സ്വന്തം സ്ഥാനാര്‍ഥിയെപ്പോലും ബലികഴിച്ച് പിന്തുണക്കാൻ കോൺഗ്രസ് തയാറായതോടെ മറുഭാഗത്ത് മറ്റൊരു ദലിത് യുവാവ് മേവാനിക്ക് ബദലായി രംഗത്തുവന്നു. ഉനയിലെ ദലിത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇതുവരെ എവിടെയും കാണാത്ത ഒരു കേഹർ സിങ് റാതോഡാണ് മറ്റൊരു മേവാനിയാകാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്. പരസ്യമായി പറയുന്നില്ലെങ്കിലും റാതോഡിനു പിന്നിൽ ബി.ജെ.പിയാണെന്ന് വ്യക്തം.
ഉനയുടെ പേരില്‍ നേതാവായ മേവാനി ബി.ജെ.പിയെ തോല്പിച്ച് പകരം കോണ്‍ഗ്രസിനെ അധികാരത്തിൽ കൊണ്ടുവരുന്നതുകൊണ്ട് ദലിതുകള്‍ക്ക് ഒരു നേട്ടവുമില്ലെന്ന് ഉനക്കടുത്ത് താമസിക്കുന്ന ദലിതനായ റാതോഡ് വാദിക്കുന്നു. ഉനയിലെ സമരത്തിനു പിന്നില്‍ താനായിരുെന്നന്നും പിന്നീട് ജിഗ്നേഷ് നേതൃത്വം പിടിച്ചടക്കിയതാണെന്നും റാതോഡ് ‘മാധ്യമ’ത്തോടു പറഞ്ഞു. നേരേത്ത ആം ആദ്മി പാര്‍ട്ടിയിലായിരുന്ന ജിഗ്നേഷ് തെൻറ പഴയ സുഹൃത്താണെന്നും റാതോഡ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പരിപാടിക്കിടെ നേര്‍ക്കുനേര്‍ കണ്ടപ്പോൾ ചിരിച്ചുകൊണ്ട് റാതോഡിനടുത്തേക്ക് ചെന്ന മേവാനി എന്തിനാണ് ഇത്രയും താഴ്ന്ന രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് പോകുന്നതെന്ന് അദ്ദേഹത്തോട് ചോദിച്ചു.
ദലിതുകളുടെ സാമൂഹികമുന്നേറ്റത്തിന് താന്‍ തിരഞ്ഞെടുത്ത പാത ശരിയല്ലെങ്കിൽ മറ്റൊരുവഴിക്ക് അവരെ നയിക്കുകയല്ലേ വേണ്ടതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് ഉത്തരമുണ്ടായില്ല. സ്വന്തം കാര്യപരിപാടിയുമായി മുന്നോട്ടുപോയ്ക്കോളൂ എന്ന് പറഞ്ഞ് മേവാനി അടുത്ത പ്രചാരണ സ്ഥലത്തേക്ക്നീങ്ങിയപ്പോൾ മേവാനിയുടെ ഗുജറാത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഭരത് ഭായി മുന്നോട്ടുവന്നു. പിന്നീട് റാതോഡും ഭരത് ഭായിയും തമ്മിലായി സംഭാഷണം. ഉന പ്രക്ഷോഭം തുടങ്ങിയ ദിവസം ഓര്‍മപ്പെടുത്തിയ ഭരത്, അന്ന് മേവാനിയാണോ റാതോഡാണോ സമരസ്ഥലത്തുണ്ടായിരുന്നതെന്ന് ചോദിച്ചപ്പോഴും വെറുതെ ചിരിക്കുകയാണ് അദ്ദേഹം ചെയ്തത്.
അധികം സംസാരിക്കാന്‍ നില്‍ക്കാതെ റാതോഡ് പെട്ടെന്ന് സ്ഥലംവിട്ടപ്പോള്‍ ഭരത് ഭായി കുറച്ചുകൂടി കാര്യങ്ങൾ വ്യക്തമാക്കി. ഉന വാര്‍ഷികത്തിന് പരിപാടി സംഘടിപ്പിക്കുമെന്ന് ജിഗ്നേഷ് മേവാനി പ്രഖ്യാപിച്ചപ്പോള്‍ ഏതുവിധേനയും അത് തടയാന്‍ ബി.ജെ.പി ശ്രമിച്ചു. പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കിയപ്പോള്‍ ഉനക്ക് ചുറ്റും കവചമൊരുക്കി പുറത്തുനിന്ന് വരുന്ന ആരെയും പരിസരത്തേക്ക് അടുപ്പിക്കില്ലെന്ന് ജില്ല അധികാരികള്‍ മുന്നറിയിപ്പ് നല്കി. പരിപാടിക്ക് നേരേത്ത അനുമതി ലഭിച്ചതിനാൽ അത് റദ്ദാക്കാൻ അധികൃതര്‍ക്ക് ഒരു പിടിവള്ളി ആവശ്യമായിരുന്നു. അതിനായി റാതോഡിനെക്കൊണ്ട് വ്യാജ പരാതി കൊടുപ്പിച്ചു. അങ്ങനെ പരിപാടി നടക്കേണ്ട ദിവസം അതിനുള്ള അനുമതി റദ്ദാക്കി. അന്ന് രാജ്കോട്ടില്‍ കുടുങ്ങിപ്പോയ മേവാനിയടക്കമുള്ളവരെ പൊലീസിെൻറ കണ്ണുവെട്ടിച്ച് ഉനയിെലത്തിക്കുകയായിരുന്നുവെന്ന് ഭരത് ഭായി പറഞ്ഞു. തങ്ങളുടെ പ്രസ്ഥാനത്തിലുണ്ടായിരുന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടാണ് തടസ്സങ്ങള്‍ നീക്കിയത്. ഉനയിലെ ദലിത് മുന്നേറ്റത്തിന് തടയിടാന്‍ കരുവായി നിന്നുകൊടുത്തയാളെയാണ് ഇപ്പോള്‍ ജിഗ്നേഷിന് പകരക്കാരനായി ഉയർത്തിക്കാട്ടാൻ ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഭരത് ഭായി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.