ന്യൂഡൽഹി: ജമ്മു-കശ്മീരിലെ മണ്ഡല പുനർനിർണയത്തിൽ അന്തിമ വിജ്ഞാപനമായി. മണ്ഡല പുനർനിർണയ കമീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ഗസറ്റിൽ ഉൾപ്പെടുത്തി വിജ്ഞാപനമിറക്കിയത്.
അസംബ്ലിയിലേക്ക് ജമ്മു ഡിവിഷനിൽ ആറു സീറ്റ് വർധിപ്പിച്ചപ്പോൾ കശ്മീർ ഡിവിഷനിൽ ഒരു സീറ്റ് മാത്രമാണ് കൂട്ടിയത്. ഇതോടെ ജമ്മു-കശ്മീരിൽ ആകെ 83 സീറ്റുണ്ടായിരുന്നത് 90 സീറ്റായി വർധിച്ചു. കശ്മീർ ഡിവിഷനിൽ 47ഉം ജമ്മു ഡിവിഷനിൽ 43ഉം സീറ്റുമാണ് ശിപാർശയിലുള്ളത്. നിലവിൽ കശ്മീരിൽ 46ഉം ജമ്മുവിൽ 37ഉം സീറ്റുകളാണുള്ളത്.
അംഗങ്ങളിൽ രണ്ടു പേർ കശ്മീർ കുടിയേറ്റ ന്യൂനപക്ഷത്തിൽ നിന്നുള്ളവരായിരിക്കണമെന്നും അതിലൊരാൾ വനിതയാവണമെന്നും റിപ്പോർട്ടിലുണ്ട്. ഒമ്പത് സീറ്റുകൾ പട്ടികവർഗത്തിനായി മാറ്റിവെച്ചിട്ടുണ്ട്, ജമ്മുവിൽ ആറും കശ്മീരിൽ മൂന്നും. 18 വീതം അസംബ്ലി മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന അഞ്ച് പാർലമെന്റ് മണ്ഡലങ്ങളാണ് കശ്മീർ, ജമ്മു ഡിവിഷനുകളിലായി ഉണ്ടാവുക. ജമ്മുവിലെ രജൗറി, പൂഞ്ച് അസംബ്ലി സീറ്റുകൾ ഉൾപ്പെടുത്തി കശ്മീരിലെ അനന്ത്നാഗ് മണ്ഡലം പുനർനിർണയിച്ചതാണ് പ്രധാന മാറ്റം.
ചില അസംബ്ലി മണ്ഡലങ്ങളുടെ പേരുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. തൻങ്മാർഗ്-ഗുൽമാർഗ്, സോൻവാർ-ലാൽചൗക്ക്, സൂനിമർ-സെയ്ദിബാൽ, പാദ്ദർ പാദ്ദർ-ഗാഗ്സേനി, വടക്കൻ കത്വ -ജസോർട്ട, തെക്കൻ കത്വ-കത്വ, ഖൗർ-ചാമ്പ്, മാഹോർ-ഗുലാബ്ഗർ, ദർഹാൽ-ബുദ്ഹാൽ എന്നിങ്ങനെയാണ് മാറ്റം.
2019 ഒക്ടോബറിൽ സംസ്ഥാനത്തിന് ഭരണഘടന അനുവദിച്ചിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും കേന്ദ്ര സർക്കാർ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്തതിനുപിന്നാലെ 2020 മാർച്ചിലാണ് ജമ്മു-കശ്മീരിലെ മണ്ഡല പുനർനിർണയത്തിനായി കമീഷനെ നിയോഗിച്ചത്.
2011ലെ സെൻസസിന് അനുസൃതമായി അസംബ്ലി, പാർലമെന്റ് മണ്ഡലങ്ങൾ പുനർനിർണയിക്കുകയായിരുന്നു ദൗത്യം. ഈ വർഷം മാർച്ചിൽ കാലാവധി അവസാനിക്കേണ്ട കമീഷന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടു മാസം കൂടി നീട്ടിനൽകുകയായിരുന്നു. ഇത് വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് വ്യാഴാഴ്ച കമീഷൻ യോഗം ചേർന്ന് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.
സുപ്രീംകോടതി റിട്ട. ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമീഷനിൽ ചീഫ് ഇലക്ഷൻ കമീഷണർ സുശീൽ ചന്ദ്ര, ജമ്മു-കശ്മീർ ഇലക്ഷൻ കമീഷണർ കെ.കെ. ശർമ എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളായുണ്ട്.
മണ്ഡല പുനർനിർണയ കമീഷൻ അന്തിമ റിപ്പോർട്ട് പഠിച്ചശേഷമേ അഭിപ്രായം പറയാനാവൂ എന്ന് നാഷനൽ കോൺഫറൻസ് അഭിപ്രായപ്പെട്ടു. ഇതിൽ ബി.ജെ.പി എന്തെങ്കിലും വഞ്ചന കാണിച്ചിട്ടുണ്ടെങ്കിൽ ജനങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്നും പാർട്ടി പറഞ്ഞു. കഴിഞ്ഞകാലങ്ങളിലെ കശ്മീരിനോടുള്ള വിവേചനം തുടരുന്നതുതന്നെയാണ് മണ്ഡല പുനർനിർണയ റിപ്പോർട്ടെന്ന് പീപ്പിൾസ് കോൺഫറൻസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.