ശ്രീനഗർ: ജമ്മു-കശ്മീരിന് പ്രത്യേക പദവിയും ജനങ്ങൾക്ക് സവിശേഷ പരിരക്ഷയും നൽകുന്ന ഭരണഘടനയുടെ 370, 35-എ വകുപ്പുകൾ നീക്കം ചെയ്യാനോ സംസ്ഥാനത്തെ മൂന്നായി വിഭജിക്കാനോ അനുവദിക്കില്ലെന്ന് അടിയന്തര സർവകക്ഷിയോഗം കേന്ദ്ര സർക്കാറിന് മുന്നറിയിപ്പ് നൽകി. അങ്ങനെ ചെയ്താൽ പ്രത്യാഘാതം ഭീകരമായിരിക്കുമെന്നും യോഗം വ്യക്തമാക്കി. കശ്മീരിനെതിരെ നടക്കുന്ന നീക്കങ്ങളെ ചെറുക്കുന്നതിെൻറ ഭാഗമായി രാഷ്ട്രപതി, പ്രധാനമന്ത്രി, വിവിധ പാർട്ടികളുടെ നേതാക്കൾ എന്നിവെര സന്ദർശിക്കാൻ പ്രതിനിധി സംഘത്തെ അയക്കാൻ തീരുമാനിച്ചതായും നാഷണൽ കോൺഫറൻസ് പ്രസിഡൻറ് ഫാറൂഖ് അബ്ദുല്ല യോഗശേഷം അറിയിച്ചു.
പി.ഡി.പി നേതാവ് മഹ്ബൂബ മുഫ്തിയുടെ വീട്ടിലാണ് അടിയന്തര സർവകക്ഷിയോഗം ചേർന്നത്. ഉമർ അബ്ദുല്ല, താജ് മുഹ്യുദ്ദീൻ, മുസഫർ ബെയ്ഗ്, സജ്ജാദ് ലോൺ, ഇംറാൻ അൻസാരി, ഷാ ഫസൽ, എം.വൈ. തരിഗാമി തുടങ്ങിയ നേതാക്കളും യോഗത്തിൽ സംബന്ധിച്ചു. താഴ്വരയിൽനിന്ന് സഞ്ചാരികളോട് മടങ്ങാൻ ആവശ്യപ്പെടുകയും അമർനാഥ് യാത്ര നിർത്തിവെച്ച് തീർഥാടകരെ പാതിവഴിയിൽ മടക്കിയയക്കുകയും ചെയ്തതാണ് അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന ഭീതി ജനങ്ങളിൽ ഉയർത്തിയത്. ഹോട്ടലിൽ സർവകക്ഷി യോഗം ചേരാനായിരുന്നു നേരത്തേ നിശ്ചയിച്ചത്. രാഷ്ട്രീയ പാർട്ടികൾക്ക് യോഗം ചേരാൻ ഹോട്ടൽ സൗകര്യങ്ങൾ അനുവദിക്കരുതെന്ന കർശന നിർദേശത്തെ തുടർന്നാണ് വീട്ടിലേക്ക് യോഗം മാറ്റിയത് -മഹ്ബൂബ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, പൊതുസമൂഹവും തൊഴിലാളി സംഘടനകളും മത സംഘടനകളും വിഘടനവാദികളുമെല്ലാം സംസ്ഥാനത്തിെൻറ കാര്യത്തിൽ ഒറ്റക്കെട്ടായി നിലയുറപ്പിക്കേണ്ട സമയമാണിതെന്ന് ഓർമിപ്പിച്ചതായി അവർ പറഞ്ഞു. കേന്ദ്രത്തിെൻറ മൗനംപോലും ദുരൂഹമാണെന്ന് അവർ പറഞ്ഞു. അഴിമതിക്കുറ്റം ചുമത്തി താഴ്വരയിലെ രാഷ്ട്രീയ നേതാക്കെള തുറുങ്കിലടയ്ക്കാനുള്ള നീക്കവും കേന്ദ്രം നടത്തുന്നതായി മഹ്ബൂബ ആരോപിച്ചു. ക്രിക്കറ്റ് അസോസിയേഷൻ കുംഭകോണത്തിെൻറ പേരിൽ ഫാറൂഖ് അബ്ദുല്ലയെ ചോദ്യം ചെയ്യാനായി ചണ്ഡിഗഢിലേക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിളിപ്പിച്ചിട്ടുണ്ട്. ജെ.കെ. ബാങ്ക് നിയമനത്തിൽ വഴിവിട്ട് പ്രവർത്തിച്ചുവെന്ന പേരിൽ തനിക്ക് അഴിമതി വിരുദ്ധ സേനയുടെ നോട്ടീസ് ലഭിച്ചു. പല നേതാക്കൾക്കും വരുംദിവസങ്ങളിൽ ഇത്തരം നോട്ടീസുകൾ വരാമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.