ജമ്മു: ജമ്മു കശ്മീർ ജയിൽ ഡി.ജി.പി ഹേമന്ത് കുമാർ ലോഹ്യയെ (57) കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജമ്മുവിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ വേലക്കാരനാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
1992 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ ജമ്മുവിന്റെ പ്രാന്തപ്രദേശമായ ഉദയ്‍വാലയിലെ വസതിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ഡി.ജി.പി ഹേമന്ത് ലോഹ്യയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ജമ്മു കശ്മീർ പൊലീസ് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. വീട്ടുജോലിക്കാരനാണ് കൊലപാതകിയെന്ന് സംശയിക്കുന്നതായി ജമ്മു സോൺ എ.ഡി.ജി.പി മുകേഷ് സിങ് പറഞ്ഞു.
സംഭവ ശേഷം ഒളിവിൽ പോയ വീട്ടുജോലിക്കാരന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. ഉന്നതോദ്യോഗസ്ഥരും ഫൊറൻസിക്, കുറ്റാന്വേഷണ സംഘങ്ങളും സംഭവസ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു.
''ജമ്മു കശ്മീർ ജയിൽ ഡി.ജി.പി ഹേമന്ത് ലോഹ്യയുടെ മൃതദേഹം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. സംഭവ സ്ഥലത്ത് നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത് കൊലപാതകമാണെന്ന് സംശയിക്കുന്നു. ഇദ്ദേഹത്തിന്റെ വീട്ടുജോലിക്കാരൻ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. പൊലീസ് ഉന്നതോദ്യോഗസ്ഥരും ഫൊറൻസിക്, കുറ്റാന്വേഷണ സംഘങ്ങളും സംഭവസ്ഥലത്തെത്തി അന്വേഷണ നടപടികൾ ആരംഭിച്ചു. മുതിർന്ന ഉദ്യോഗസ്ഥന്റെ മരണത്തിൽ ജമ്മു- കശ്മീർ പൊലീസ് കുടുംബം തങ്ങളുടെ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു'' -പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.