ബംഗളൂരു: താടി മുറിക്കുകയോ വടിക്കുകയോ ചെയ്തില്ലെങ്കിൽ ക്ലാസിൽ കയറാൻ അനുവദിക്കില്ലെന്ന് അധികൃതർ ഭീഷണിപ്പെടുത്തിയതായി കർണാടകയിലെ രാജീവ് ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഹാസനിലെ ഗവൺമെന്‍റ് നഴ്‌സിങ് കോളേജിലെ വിദ്യാർഥികൾ.
കോളജിന്റെ പ്രവർത്തനങ്ങളിലും ക്ലിനിക്കൽ ഡ്യൂട്ടികളിലും പങ്കെടുക്കുന്നതിന് താടി മുറിക്കുകയോ ക്ലീൻ ഷേവ് ചെയ്യുകയോ വേണമെന്ന് 24 കശ്മീരി വിദ്യാർത്ഥികളെ അധികൃതർ അറിയിച്ചുവെന്ന് ഇവർ പറയുന്നു. താടി ഷേവ് ചെയ്യാത്ത വിദ്യാർഥികൾ ക്ലിനിക്കൽ സെഷനുകളിൽ ഹാജരാകാത്തതായി രേഖപ്പെടുത്തിയെന്നും ഇത് അവരുടെ ഹാജർ നിലയെയും അക്കാദമിക് റെക്കോർഡിനെയും പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാർഥികൾ പറഞ്ഞു.
ഈ നയം വിദ്യാർഥികളോട് കൂടുതൽ വിവേചനത്തിന് കാരണമാകുമെന്ന് ജമ്മു കശ്മീർ സ്റ്റുഡൻസ് അസോസിയേഷന് എഴുതിയ കത്തിൽ വിദ്യാർഥികൾ പറഞ്ഞു. പ്രത്യേകിച്ചും ഇന്‍റേണൽ മൂല്യനിർണയത്തിന്റെയും പ്രായോഗിക പരീക്ഷകളുടെയും കാര്യത്തിൽ. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്‍റ്സ് അസോസിയേഷൻ കർണാടക, ജമ്മു കശ്മീർ സർക്കാറുകൾക്ക് കത്തെഴുതിയതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. കോളജിന്റെ നിർദേശങ്ങൾ വിദ്യാർഥികളുടെ സാംസ്കാരികവും മതപരവുമായ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് സ്റ്റുഡന്‍റ്സ് അസോസിയേഷൻ കത്തിൽ പറഞ്ഞു.
തുടർന്ന് കോളജ് അഡ്മിനിസ്ട്രേഷൻ കശ്മീരി വിദ്യാർഥികളുമായി ചർച്ച നടത്തുകയും അവരുടെ മതപരമായ ആചാരങ്ങൾ ആചരിക്കാൻ അനുവദിക്കുകയും ചെയ്തു. ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിനെ ഉന്നമിട്ടില്ലെന്നാണ് കോളജ് ഭരണസമിതിയുടെ വാദം. പ്രാദേശിക കന്നഡിഗ വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ വിദ്യാർഥികൾക്കും ക്ലിനിക്കൽ ഡ്യൂട്ടികൾക്ക് ആവശ്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും കോളജിലെ ക്ലിനിക്കൽ ഇൻസ്പെക്ടർ വിജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.