നജീബിനെക്കുറിച്ച് വിവരം നല്‍കിയാല്‍ അഞ്ചു ലക്ഷം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് (ജെ.എന്‍.യു) കാണാതായ നജീബ് അഹ്മദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. ആദ്യം 50,000വും പിന്നീട് രണ്ടുലക്ഷവും പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും പ്രയോജനമുണ്ടാകാത്ത സാഹചര്യത്തിലാണിത്. പൊലീസില്‍നിന്ന് കേസ് ക്രൈംബാഞ്ച് ഏറ്റെടുത്തതോടെയാണ് പാരിതോഷിക സംഖ്യ കൂട്ടിയത്.

അതേസമയം, നജീബിനെ കാണാതായി ഒരു മാസമായിട്ടും നീതി ലഭിക്കാത്തതില്‍ പ്രതിഷേധം ശക്തമായി. നജീബിനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച സര്‍വകലശാല ഭരണകാര്യാലയത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍െറ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചില്‍  ജാമിഅ മില്ലിയ ഇസ്ലാമിയ, ഡല്‍ഹി സര്‍വകലാശാല, അലീഗഢ് മുസ്ലിം സര്‍വകലാശാല, അലഹബാദ് സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നടക്കം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

നജീബിന് നീതിനല്‍കുന്നതിനു പകരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുവരുത്തി പൊലീസ് അന്വേഷണം വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. രാഷ്ട്രപതിക്ക് പരാതി സമര്‍പ്പിക്കാന്‍ വിവിധ സര്‍വകലാശാലകളില്‍ ഒപ്പുശേഖരണവും ആരംഭിച്ചു. നജീബിന്‍െറ മാതാവ് ഫാത്തിമ നഫീസയും സഹോദരി സദഫും മാര്‍ച്ചില്‍ പങ്കെടുത്തു. പുറത്തുനിന്നുള്ളവരടക്കം പങ്കെടുക്കുന്നതിനാല്‍ കാമ്പസിന്‍െറ സുരക്ഷയെ ബാധിക്കുമെന്ന് കാണിച്ച് പ്രതിഷേധ മാര്‍ച്ചിന് വൈസ്ചാന്‍സലര്‍ ജഗദീഷ് കുമാര്‍ അനുമതി നിഷേധിച്ചിരുന്നു.

എ.ബി.വി.പി സംഘത്തിന്‍െറ മര്‍ദനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 15നാണ് ഒന്നാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ഥി ഉത്തര്‍പ്രദേശിലെ ബദായൂന്‍ സ്വദേശി നജീബിനെ ഹോസ്റ്റലില്‍നിന്ന് കാണാതായത്. മര്‍ദനവുമയി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ സര്‍വകലാശാല നടപടി സ്വികരിച്ചിട്ടില്ല. പൊലീസ് അന്വേഷണം എങ്ങുമത്തൊത്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പിച്ചത്.

മരപ്പണിക്കിടെ വീണ് കിടപ്പിലായതിനാല്‍ പിതാവ് നഫീസ് അഹ്മദിന് ഫാത്തിമയുടെ കൂടെ ഡല്‍ഹിയിലേക്ക് എത്താന്‍ കഴിഞ്ഞില്ല. മകനെ കാണാതായതുമുതല്‍ മനസ്സ് തകര്‍ന്നിരിക്കുകയാണ് പിതാവ്. മകന്‍ എത്തുമെന്ന പ്രതീക്ഷയില്‍ ഓരോ രാത്രിയും വീടിന് പുറത്താണ് നഫീസ് ഉറങ്ങുന്നത്.

Tags:    
News Summary - jnu student najib missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.