‘ബി.ജെ.പിക്കെതിരെ പോരാടുമെന്ന് കരുതി കെജ്‌രിവാളിനൊപ്പം ചേർന്നത് മഹാ അബദ്ധം’: എ.എ.പി മുൻ ഗുജറാത്ത് വൈസ് പ്രസിഡന്റടക്കം 50 നേതാക്കൾ കോൺഗ്രസിൽ

അഹ്മദാബാദ്: ബി.ജെ.പിക്കെതിരെ പോരാടുമെന്ന് കരുതി കെജ്രിവാളിനൊപ്പം ചേർന്നത് മഹാ അബദ്ധമായിരുന്നുവെന്ന് തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്തിലെ ദലിത് നേതാവും എ.എ.പി മുൻ ഗുജറാത്ത് വൈസ് പ്രസിഡന്റുമായ വശ്രം സഗതിയ. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് ആം ആദ്മി പാർട്ടി പുറത്താക്കിയതിന് തൊട്ടുപിന്നാലെ വശ്രം സഗതിയ അടക്കം 50 എ.എ.പി നേതാക്കളും പ്രവർത്തകരും ഇന്നലെ കോൺഗ്രസിൽ ചേർന്നു.

നേര​ത്തെ കോൺഗ്രസിൽ നിന്ന് രാജിവെച്ചാണ് സഗതിയ ആപ്പിൽ ചേർന്നത്. കോൺഗ്രസിലേക്ക് തിരിച്ചെത്തിയപ്പോൾ തന്റെ വീട്ടിൽ മടങ്ങിയെത്തിയ അനുഭൂതിയാണെന്നും അദ്ദേഹം പറഞ്ഞു. "നമ്മുടെ ഭരണഘടന നശിപ്പിക്കുന്ന ബിജെപിയെ തോൽപ്പിക്കാനാണ് ഞാൻ എഎപിയിലേക്ക് പോയത്. എന്നാൽ എഎപിയിൽ ചേർന്നത് തെറ്റായിപ്പോയി. ഞാൻ തെരഞ്ഞെടുത്തത് തെറ്റായ വഴിയാണെന്ന് പിന്നീട് മനസ്സിലായി. അതുകൊണ്ടാണ് കോൺഗ്രസിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. അത് എന്റെ വീട് പോലെയാണ്. കോൺഗ്രസിന് മാത്രമേ നമ്മുടെ ജനാധിപത്യത്തെ രക്ഷിക്കാൻ കഴിയൂ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു" -സഗതിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

കോൺഗ്രസ് സംഘടിപ്പിച്ച പ്രകടനത്തിൽ പ​ങ്കെടുത്തതിന്റെ പേരിൽ ചൊവ്വാഴ്ചയാണ് എഎപി സംസ്ഥാന ഘടകം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും സഗതിയയെ പുറത്താക്കിയത്. തൊട്ടുപിന്നാലെ ബുധനാഴ്ച അഹമ്മദാബാദിലെ കോൺഗ്രസ് ആസ്ഥാനത്ത് സംസ്ഥാന അധ്യക്ഷൻ ശക്തിസിൻഹ് ഗോഹിലിന്റെ സാന്നിധ്യത്തിൽ അദ്ദേഹം കോൺഗ്രസിലേക്കുള്ള പുനപ്രവേശം പ്രഖ്യാപിച്ചു.

മൂന്ന് പതിറ്റാണ്ടിലേറെയായി കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 2022 ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസ് വിട്ട് എഎപിയിൽ ചേർന്നത്. പാർട്ടി പ്രത്യയശാസ്ത്രത്തോട് പ്രതിബദ്ധത പുലർത്തുന്നവരാണെങ്കിൽ സഗതിയെപ്പോലുള്ളവരെ പാർട്ടിയിലേക്ക് എപ്പോഴും സ്വാഗതം ചെയ്യുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗോഹിൽ പറഞ്ഞു.

"കോൺഗ്രസ് ബഹുജന പാർട്ടിയാണ്, പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ പ്രതിബദ്ധതയുള്ള എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്യും. ഉപയോഗിച്ച് വലിച്ചെറിയുക എന്ന നയത്തിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. ബിജെപിയിൽ ചേർന്ന പല കോൺഗ്രസ് നേതാക്കളും അപമാനിക്കപ്പെട്ടു. എന്നാൽ നിങ്ങൾ കോൺഗ്രസിൽ വന്നാൽ നിങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കും’ -ഗോഹിൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - Joining Kejriwal was 'mistake', says sacked AAP leader, returns to Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.