ന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ഭീകര പ്രതിരോധ നിയമമായ യു.എ.പി.എ ചുമത്തി രണ്ടു വർഷം ജയിലിൽ അടച്ച പത്രപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഒടുവിൽ നീതിയുടെ വെളിച്ചം. പൊലീസിന്റെ തെളിവുകൾ തികച്ചും ദുർബലമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി സിദ്ദീഖ് കാപ്പന് സോപാധിക ജാമ്യം അനുവദിച്ചു.
മൂന്നു ദിവസത്തിനകം വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്നാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദേശം. ആറാഴ്ച ഡൽഹിയിൽ തങ്ങിയശേഷം കേരളത്തിലേക്ക് പോകാം. കേസന്വേഷിക്കുന്ന പൊലീസിനെ പാസ്പോർട്ട് ഏൽപിക്കണം. വിവാദവുമായി ബന്ധപ്പെട്ട ഒരാളുമായും ബന്ധപ്പെടരുത്. ഡൽഹിയിൽ താമസിച്ചിരുന്ന ജങ്പുര മേഖലയിൽ തന്നെ കഴിയണം. വിചാരണ കോടതിയുടെ അനുമതി കൂടാതെ ഡൽഹി വിടരുത്. ആറാഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. കേരളത്തിലെത്തിയാൽ തിങ്കളാഴ്ചതോറും സ്വദേശത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. വിചാരണ നടക്കുമ്പോൾ നേരിട്ടോ അഭിഭാഷൻ മുഖേനയോ കോടതിയിൽ ഹാജരാകണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
യു.എ.പി.എക്കു പുറമെ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങാൻ പക്ഷേ, വൈകിയേക്കും. ലഖ്നോ ജില്ല കോടതി ഈ മാസം 19നാണ് കേസ് പരിഗണനക്കു വെച്ചിരിക്കുന്നത്. സുപ്രീംകോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ നേരത്തേ പരിഗണിക്കണമെന്ന അപേക്ഷയുമായി കാപ്പൻ ലഖ്നോ കോടതിയെ സമീപിക്കും.
ഹാഥറസിലേക്കുള്ള യാത്ര തടഞ്ഞ് 2020 ഒക്ടോബർ ആറിനാണ് സിദ്ദീഖ് കാപ്പനെയും മറ്റും യു.പി പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്തപ്പോൾ കാപ്പനെതിരായ തെളിവുകൾ എന്തായിരുന്നുവെന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ യു.പി സർക്കാറിന് കഴിഞ്ഞില്ല. തെളിവുകളില്ലാതെ ഇത്രനാൾ ജയിലിലായിരുന്ന ഒരാൾക്ക് ഇനിയും ജാമ്യം നിഷേധിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ചൂണ്ടിക്കാട്ടിയ പ്രധാന കാര്യങ്ങൾ ഇവയാണ്: തിരിച്ചറിയൽ കാർഡുകളും മൂന്നു ലഘുലേഖയുമല്ലാതെ കാപ്പന്റെ പക്കൽനിന്ന് പൊലീസ് ഒന്നും കണ്ടെടുത്തിട്ടില്ല. കൂട്ടുപ്രതികളുടെ മൊഴി തെളിവായി ഉപയോഗിക്കാൻ കഴിയില്ല. ലഘുലേഖയിൽ പ്രതിഷേധമല്ലാതെ, അപകടകരമായ ഉള്ളടക്കമൊന്നുമില്ല. പ്രതിഷേധിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ട്. അതൊരു കുറ്റമല്ല. ഡൽഹി നിർഭയ സംഭവത്തെ തുടർന്ന് 2012ൽ ഉണ്ടായ പ്രതിഷേധം, ഒരു നിയമംതന്നെ പൊളിച്ചെഴുതാൻ പ്രേരകമായെന്നും സുപ്രീംകോടതി ഓർമിപ്പിച്ചു.
വിചാരണ കോടതിയും അലഹബാദ് ഹൈകോടതിയും ജാമ്യം നിഷേധിച്ചതിനു പിന്നാലെയാണ് സിദ്ദീഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സിദ്ദീഖ് കാപ്പനു വേണ്ടി കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവരും യു.പി സർക്കാറിനായി മഹേഷ് ജത്മലാനിയും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.