ജുഡീഷ്യൽ നിയമനങ്ങൾ സർക്കാറിന്റേതല്ല; പക്ഷേ, കൊളീജിയം സംവിധാനം സുതാര്യമാക്കണം

ന്യൂഡൽഹി: ജുഡീഷ്യറിയിലെ ഉന്നത നിയമനങ്ങൾ നടത്തുന്ന കൊളീജിയം സംവിധാനത്തിലെ അവ്യക്തതയെക്കുറിച്ച് നിയമ മന്ത്രി കിരൺ റിജിജു നടത്തിയ പ്രസ്താവന വിഷയത്തെ വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ കോടതികളിലെ നിയമനത്തെക്കുറിച്ചാണ് ചർച്ചകൾ തുടരുന്നത്.

സർക്കാറിന്റെ മൂന്ന് ശാഖകൾ തമ്മിലുള്ള അധികാര വിഭജനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ജനാധിപത്യം നിർമിച്ചിരിക്കുന്നത്. ഇതിൽ, കോടതികൾക്കാണ് നീതിന്യായ വ്യവസ്ഥയുടെ അധികാരം. നിയമനിർമാണ സഭയും ഭരണനിർവ്വഹണസംവിധാനവും അതിരുകടക്കാതെ നോക്കേണ്ടതും കോടതിയാണ്.

അതിനാൽ തന്നെ ഭൂരിപക്ഷ രാഷ്ട്രീയത്തിനും ഭരണസമിതികളുടെ സ്വാധീനത്തിൽ നിന്നും കോടതിയെ സംരക്ഷിക്കേണ്ടതുണ്ട്. ജുഡീഷ്യറി ഘടനയുടെ സ്വാതന്ത്ര്യത്തെ ഉറപ്പു വരുത്തണമെങ്കിൽ അതിനെ ഉന്നത നിയമനകളെ കുറിച്ച് ചർച്ച ചെയ്യേണ്ടതും അറിയേണ്ടതുമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉന്നത ജഡ്‌ജിമാരുടെ നിയമനം.

ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ എപ്പോഴും ന്യായവും സുതാര്യവും തെരഞ്ഞെടുപ്പ് ഭൂരിപക്ഷത്തിൽ നിന്ന് സ്വതന്ത്ര്യവുമായിരിക്കണം. ഇത്തരം നടപടിക്രമങ്ങൾ സ്വീകരിക്കുന്നതിലൂടെ സാങ്കേതികമായി അറിവുള്ളവരും എന്നാൽ സാമൂഹികമായി വ്യത്യസ്തരുമായ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിലേക്ക് ഇതിനെ നയിക്കും.

ഇന്ത്യൻ ഭരണഘടനയിൽ ഹൈകോടതിയുടെയും സുപ്രീംകോടതിയുടെയും ജഡ്ജിമാരെ നിയമിക്കുന്നതിനെ സംബന്ധിച്ച് കൂടുതൽ വിവരിച്ചിട്ടില്ല. ഭരണഘടനയിലെ ആർട്ടിക്കിൾ 124(2) പ്രകാരം പ്രസിഡന്റിന് ആവശ്യമെങ്കിൽ സുപ്രീം കോടതിയിലെ ജഡ്‌ജിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിയമനങ്ങൾ നടത്താം എന്നതായിരുന്നു വ്യവസ്ഥ.

1970-കളിൽ സർക്കാർ അധികാരപ്രയോഗം വർധിച്ചുവന്ന കാലഘട്ടത്തിൽ ഭരണനിർവ്വഹണ സമിതികൾ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ സമയങ്ങളിൽ സുപ്രീം കോടതി 'പ്രതിബദ്ധതയുള്ള' ജഡ്‌ജിമാരാൽ നിറഞ്ഞിരുന്നു. കോടതിയുടെ വിശ്വാസ്യതയെ ഇത് ബാധിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ ജുഡീഷ്യറി നിയമങ്ങൾ കോടതി സ്വയം നിയന്ത്രണത്തിലാക്കികൊണ്ട് ഭരണനിർവ്വഹണ സമിതികളെ പുറത്താക്കാൻ ശ്രമിച്ചു.

ഇന്ത്യയിൽ ആദ്യമായി നടന്ന ജഡ്ജിമാരുടെ കേസായ എസ്.പി ഗുപ്ത വേഴ്സസ് യൂനിയൻ ഓഫ് ഇന്ത്യ കേസിൽ ആർട്ടിക്കിൾ 124ൽ ഉപയോഗിച്ചിട്ടുള്ള "കൺസൽറ്റേഷൻ" അഥവാ കൂടിക്കാഴ്ച എന്ന വാക്കിനർഥം ഒരിക്കലും സമ്മതം എന്നല്ല എന്ന് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ സുപ്രീം കോർട്ട് ഓൺ ജഡ്ജസ് അസോസിയേഷൻ വേഴ്സസ് യൂനിയൻ ഓഫ് ഇന്ത്യ 1993ൽ നടന്ന ജഡ്ജിമാരുടെ രണ്ടാം കേസിൽ സുപ്രീം കോടതി ഈ നിലപാട് മാറ്റുകയും ജഡ്ജിമാരെ നിയമിക്കുന്നതിൽ ചീഫ് ജസ്റ്റിസിന്റെയും രണ്ട് മുതിർന്ന ജഡ്‌ജിമാരുടെയും അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്നും വിധി പുറപ്പെടുവിച്ചു.

1998ൽ നടന്ന മൂന്നാമത്തെ കേസിൽ നടത്തിയ പ്രത്യേക പരാമർശത്തിൽ ജഡ്ജിമാരെ നിയമിക്കുന്നതിലും സ്ഥലംമാറ്റം നടത്തുന്നതിലും കൃത്യമായ നടപടി ക്രമം സ്വീകരിച്ചു. അതാണ് നിലവിലെ കൊളീജിയം വ്യവസ്ഥയായി അറിയപ്പെടുന്നത്. സുപ്രീം കോടതിയിലെ മുതിർന്ന നാല് ജഡ്ജിമാരുമായുള്ള കൂടികാഴ്ചക്കൊടുവിലാണ് കൊളീജിയം വ്യവസ്ഥ രൂപീകരിച്ചിട്ടുള്ളത്.

നിയമനങ്ങളുമായി ബന്ധപ്പെട്ട് ഭരണനിർവ്വഹണ സമിതിയും ജുഡീഷ്യറിയും തമ്മിലുള്ള സംഘർഷം പതിവാണ്. 2014ൽ പാർലമെന്റ് അംഗംങ്ങൾ 99ാം ഭേദഗതിയും ദേശീയ ജുഡീഷ്യൽ നിയമന കമീഷൻ നിയമവും പാസാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഉൾപ്പടെ രണ്ട് മുതിർന്ന സുപ്രീം കോടതി ജഡ്ജിമാരുൾപ്പെട്ടതായിരുന്നു കമീഷൻ. എന്നാൽ ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.

ജുഡീഷ്യറി നിയമനങ്ങളിലെ ജുഡീഷ്യൽ പ്രാമുഖ്യം അതിന്റെ സ്വാതന്ത്ര്യത്തിലാണ് എന്നതിനാൽ തന്നെ ഭേദഗതിയും നിയമവും കോടതി റദ്ദാക്കുകയും കൊളീജിയം സംവിധാനം പുനഃക്രമീകരിക്കുകയും ചെയ്യുകയായിരുന്നു. 

('ദ ക്വിന്‍റി'ൽ അനിന്ദിത പട്ടനായകും ലിയാ വർഗീസും ചേർന്നെഴുതിയ ലേഖനത്തിന്‍റെ പ്രസക്ത ഭാഗം)

Tags:    
News Summary - judicial appoinments-collegium system-kiren rejiju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.