സംഭൽ (യു.പി): കനത്ത സുരക്ഷക്കിടെ, ജുഡീഷ്യൽ കമീഷൻ അംഗങ്ങൾ സംഭലിലെ ശാഹി ജമാ മസ്ജിദും സംഘർഷം നടന്ന പ്രദേശങ്ങളും സന്ദർശിച്ചു. പാനൽ മേധാവി റിട്ട. അലഹബാദ് ഹൈകോടതി ജഡ്ജി ദേവേന്ദ്ര കുമാർ അറോറ, റിട്ട. ഐ.പി.എസ് ഓഫിസർ അരവിന്ദ് കുമാർ ജെയിൻ എന്നിവരായിരുന്നു നവംബർ 24ന് ആക്രമണം നടന്ന പ്രദേശങ്ങൾ സന്ദർശിച്ചത്. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അമിത് മോഹൻ പ്രസാദ് ഹാജരായില്ല. സന്ദർശന വേളയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് കമീഷൻ അംഗങ്ങൾ പ്രതികരിച്ചില്ല. മുറാദാബാദ് ഡിവിഷനൽ കമീഷണർ ആഞ്ജനേയ കുമാർ സിങ്, ഡി.ഐ.ജി ജി. മുനിരാജ്, സംഭൽ ജില്ല മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ, പൊലീസ് സൂപ്രണ്ട് കൃഷൻ കുമാർ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്നു.
സംഘം 15 മിനിറ്റോളം പള്ളി പരിശോധിച്ചു. സംഭലിൽ സ്ഥിതി സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും ആക്രമണത്തിൽ ഉൾപ്പെട്ട 400 വ്യക്തികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തെളിവുകൾ ശേഖരിച്ചുവരുകയാണെന്നും മുറാദാബാദ് ഡിവിഷനൽ കമീഷണർ പറഞ്ഞു. ഡിസംബർ 10 വരെ അധികാരികളുടെ അനുമതിയില്ലാതെ ആക്രമണബാധിത ജില്ലയിൽ രാഷ്ട്രീയക്കാരോ സാമൂഹിക സംഘടന പ്രതിനിധികളോ ജനപ്രതിനിധികളോ ഉൾപ്പെടെ പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് നിരോധിച്ച് ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവുണ്ട്.
നവംബർ 24ന് സംഭലിലെ മുഗൾ ഭരണകാലത്തെ ജമാ മസ്ജിദിൽ സർവേ നടക്കുന്നതിനിടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് വെടിവെപ്പിൽ അഞ്ചുപേർ മരിക്കുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്ഷേത്രം പൊളിച്ചാണ് മുഗൾ ചക്രവർത്തി ബാബർ മസ്ജിദ് പണിതതെന്ന് അവകാശപ്പെട്ട് വിഷ്ണു ശങ്കർ ജയിൻ കോടതിയെ സമീപിച്ചതോടെയാണ് സർവേക്ക് ഉത്തരവിട്ടത്.
ലഖ്നോ: സംരക്ഷിത പൈതൃക നിർമിതിയായതിനാൽ സംഭൽ ശാഹി ജമാ മസ്ജിദിന്റെ നിയന്ത്രണാധികാരം ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) കോടതിയിൽ പ്രതികരണം അറിയിച്ചു. ഘടനാപരമായ പരിഷ്‌കാരങ്ങൾ ഉൾപ്പെടെ സ്മാരകത്തിന്റെ നിയന്ത്രണവും നടത്തിപ്പും ഏറ്റെടുക്കാൻ അനുവദിക്കണമെന്ന് എ.എസ്.ഐ അഭിഭാഷകൻ വിഷ്ണുശർമ കോടതിയിൽ ആവശ്യപ്പെട്ടു. കോടതി ഉത്തരവനുസരിച്ച് പള്ളിയിൽ സർവേ നടത്തുന്നതിൽ പള്ളിയുടെ മാനേജ്‌മെന്റ് കമ്മിറ്റിയിൽനിന്നും നാട്ടുകാരിൽനിന്നും എതിർപ്പ് നേരിട്ടതായി അദ്ദേഹം വ്യക്തമാക്കി.
അനുമതിയില്ലാതെ പള്ളിയുടെ പടികളിൽ സ്റ്റീൽ റെയിലിങ് സ്ഥാപിച്ചതിന് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റിക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തതായി എ.എസ്.ഐ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.