ന്യൂഡൽഹി: 1999ൽ ഇന്റർ പാർലമെന്ററി യൂനിയൻ (ഐ.പി.യു) അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിക്കാൻ അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ബെർലിനിൽനിന്ന് വിളിച്ച നജ്മ ഹിബത്തുല്ലക്ക് ഫോണും പിടിച്ച് കാത്തുനിൽക്കേണ്ടിവന്നത് ഒരു മണിക്കൂർ നേരം. മാഡം തിരക്കിലാണെന്ന് ഓഫിസ് ജീവനക്കാരിൽ ഒരാളാണ് നജ്മയോട് പറഞ്ഞത്. അടുത്തിടെ പ്രസിദ്ധീകരിച്ച ‘ജനാധിപത്യത്തിനുവേണ്ടി: പാർട്ടി അതിരുകൾക്കപ്പുറം’ എന്ന ആത്മകഥയിലാണ് അവർ ഇക്കാര്യം പറയുന്നത്. രാജ്യസഭ മുൻ ഉപാധ്യക്ഷയായ നജ്മ ഹിബത്തുല്ല സോണിയ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതയെത്തുടർന്ന് 2004ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേരുകയായിരുന്നു.
ഐ.പി.യു അധ്യക്ഷസ്ഥാനം ചരിത്രപരമായ നേട്ടമായിരുന്നുവെന്ന് നജ്മ പുസ്തകത്തിൽ പറയുന്നു. ഇന്ത്യൻ പാർലമെന്റിൽനിന്ന് ലോക പാർലമെന്ററി രംഗത്തേക്കുള്ള തെന്റ വളർച്ചയായിരുന്നു അത്. തെരഞ്ഞെടുക്കപ്പെട്ട വിവരം അറിയിക്കാൻ ആദ്യം വിളിച്ചത് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയെ ആയിരുന്നു. ഉടൻതന്നെ അദ്ദേഹത്തെ ഫോണിൽ ലഭിച്ചു. വാർത്ത അറിഞ്ഞപ്പോൾ അദ്ദേഹത്തിന് വളരെ സന്തോഷമായി. ഒന്നാമതായി, ഇന്ത്യക്ക് ലഭിച്ച അംഗീകാരമായാണ് അദ്ദേഹം അതിനെ കണ്ടത്. രണ്ടാമതായി, ഇന്ത്യൻ മുസ്ലിം വനിതക്ക് ലഭിച്ച നേട്ടമായും അദ്ദേഹം അതിനെ വിലയിരുത്തി. തിരികെ ഇന്ത്യയിലെത്തുമ്പോൾ നമുക്കാഘോഷിക്കാം എന്നാണ് വാജ്പേയി പറഞ്ഞത്. ഉപരാഷ്ട്രപതിയെയും പെട്ടെന്നുതന്നെ ഫോണിൽ ലഭിച്ചു.
എന്നാൽ, പാർട്ടി അധ്യക്ഷയും തെന്റ നേതാവുമായ സോണിയ ഗാന്ധിയെ വിളിച്ചപ്പോൾ വ്യത്യസ്തമായ അനുഭവമാണുണ്ടായത്. താൻ ഫോൺ ചെയ്തപ്പോൾ ഓഫിസിലെ ഒരു ജീവനക്കാരനാണ് എടുത്തത്. മാഡം തിരക്കിലാണെന്ന് മറുപടി പറഞ്ഞു. താൻ ബെർലിനിൽനിന്നാണ് വിളിക്കുന്നതെന്നും ഇന്റർനാഷനൽ കാൾ ആണെന്നും പറഞ്ഞപ്പോൾ കാത്തുനിൽക്കാനായിരുന്നു മറുപടി. ഒരുമണിക്കൂർ കാത്തുനിന്നെങ്കിലും സോണിയ എത്തിയില്ല. ഇതോടെ താൻ തീർത്തും നിരാശയായെന്ന് നജ്മ പറഞ്ഞു.
അതിനുശേഷം താൻ അവരോട് ഒന്നും പറഞ്ഞില്ല. ഐ.പി.യു അധ്യക്ഷ സ്ഥാനത്തേക്ക് തെന്റ പേര് അയക്കുന്നതിനു മുമ്പ് സോണിയയുടെ അനുമതി തേടിയിരുന്നു. ആ സമയത്ത് അവർ അനുഗ്രഹിച്ചതായും പുസ്തകത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.