ന്യൂഡൽഹി: ബോഫോഴ്സ് അഴിമതി സംബന്ധിച്ച നിർണായക വിവരങ്ങൾ പങ്കുവെക്കാൻ സ്വകാര്യ അന്വേഷകൻ മൈക്കൽ ഹെർഷ്മാൻ സന്നദ്ധത പ്രകടിപ്പിച്ച സാഹചര്യത്തിൽ വിവരങ്ങൾ തേടി സി.ബി.ഐ ഉടൻ യു.എസിലേക്ക് ജുഡീഷ്യൽ അഭ്യർഥന നടത്തും.
കഴിഞ്ഞ ഒക്ടോബറിലാണ് ലെറ്റേഴ്സ് റോഗറ്ററി അയക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. ക്രിമിനൽ കേസ് അന്വേഷണത്തിന് സഹായം ലഭിക്കാൻ ഒരുരാജ്യത്തെ കോടതി മറ്റൊരു രാജ്യത്തെ കോടതിയിലേക്ക് അയക്കുന്ന രേഖാമൂലമുള്ള അഭ്യർഥനയാണ് ലെറ്റർ റോഗറ്ററി. 1980കളിൽ സ്വീഡിഷ് കമ്പനിയായ ബോഫോഴ്സുമായി നടത്തിയ 1,437 കോടി രൂപയുടെ ആയുധ ഇടപാടിൽ 64 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 2004ൽ ഡൽഹി ഹൈകോടതി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കേസിൽ കുറ്റമുക്തനാക്കി.
ഫെയർഫാക്സ് ഗ്രൂപ് തലവനായ ഹെർഷ്മാൻ 2017ൽ സ്വകാര്യ കുറ്റാന്വേഷകരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ബോഫോഴ്സ് കേസ് കോൺഗ്രസ് സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ചും വിശദാംശങ്ങൾ പങ്കുവെക്കാൻ തയാറാണെന്ന് വ്യക്തമാക്കിയും രംഗത്തുവന്നത്. ഹെർഷ്മാന്റെ വെളിപ്പെടുത്തലിനെതുടർന്നാണ് അന്വേഷണം പുനരാരംഭിക്കാൻ ആലോചിക്കുന്നതായി സി.ബി.ഐ പ്രത്യേക കോടതിയെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.