ലഖ്നോ: 10 ദിവസത്തിനിടെ രണ്ട് ബാലികമാർ ഉത്തർപ്രദേശിൽ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും ശക്തമായ നടപടികൾ സ്വീകരിക്കുകയോ ഉത്തരവാദിത്ത്വം ഏറ്റെടുക്കയോ ചെയ്യാതെ കുറ്റകൃത്യങ്ങളെ വെള്ള പൂശാൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രിയങ്ക സംസ്ഥാനത്തെ പെൺകുഞ്ഞുങ്ങളുടെ സുരക്ഷയെ സംബന്ധിച്ചും സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറായത് സംബന്ധിച്ചും പ്രതികരിച്ചത്.
'സംസ്ഥാനത്ത് ജംഗിൾ രാജ് ആണ് നടക്കുന്നത്. ലഖിംപൂരിലെ കുട്ടി ഓൺലൈൻ അപേക്ഷ നൽകാൻ പോയതായിരുന്നു. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ശരീരം വികൃതമാക്കിയതായാണ് കുടുംബം പറയുന്നത്. സ്ഥിതി ഇത്തരത്തിലാണെങ്കിൽ പെൺകുട്ടികൾ എങ്ങനെയാണ് പഠിക്കാനായി വീട്ടിൽ നിന്നും പുറത്തിറങ്ങുക. ആരാണ് അവരുടെ സുരക്ഷ ഉറപ്പ് വരുത്തുക'- പ്രിയങ്ക ഫേസ്ബുക്കിൽ കുറിച്ചു.
ബുലന്ദ്ശഹറിൽ സുധിക്ഷ ഭാട്ടിക്ക് നേരിട്ട ദാരുണ സംഭവത്തിൽ നിന്നും ഉത്തർപ്രദേശ് സർക്കാർ യാതൊരു പാഠവും പഠിച്ചില്ല. അത്തരം സംഭവങ്ങൾ സംസ്ഥാനത്ത് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. സ്ത്രീ സുരക്ഷയുടെ കാര്യം യു.പി സർക്കാർ ഒട്ടും ഗൗരവത്തിലെടുക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.
ഗുരുതരമായ സംഭവങ്ങൾ നിങ്ങൾ കേൾക്കുേമ്പാൾ, നിങ്ങളുടെ ആത്മാവ് വിറയ്ക്കും. എന്നാൽ യു.പി മുഖ്യമന്ത്രിയും മന്ത്രിമാരും ശക്തമായ നടപടികൾ സ്വീകരിക്കുകയോ ഉത്തരവാദിത്ത്വം ഏറ്റെടുക്കയോ ചെയ്യുന്നില്ല. അവരുടെ സമീപകാല പ്രസ്താവനകൾ പരിശോധിക്കുകയാണെങ്കിൽ, കുറ്റകൃത്യങ്ങളിൽ വെള്ള പൂശുന്നതിലാണ് അവർക്ക് കൂടുതൽ ആത്മവിശ്വാസം- പ്രിയങ്ക പറഞ്ഞു.
ആഗസ്റ്റ് 15ന് ലഖിംപുരിൽതന്നെ 13 കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കൊലപ്പെടുത്തിയിരുന്നു. കരിമ്പിൻ പാടത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. സംഭവത്തിൽ ഗ്രാമവാസികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. നാക്ക് മുറിച്ചെടുക്കുകയും കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.