ന്യൂഡൽഹി: നിരവധി തവണ കേന്ദ്രസർക്കാർ തഴഞ്ഞ മുതിർന്ന ന്യായാധിപൻ ജസ്റ്റിസ് ആഖിൽ ഖുറേഷിയെ ഒടുവിൽ രാജസ്ഥാൻ ചീഫ് ജസ്റ്റിസായി നിയമിച്ചു. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ നിലവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ 2010ല്‍ ഗുജറാത്ത് മന്ത്രിയായിരിക്കെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടത് ജസ്റ്റിസ് ആഖില്‍ ഖുറേഷിയായിരുന്നു. അന്ന് മുതൽ ബി.ജെ.പിയുടെ കണ്ണിലെ കരടായിരുന്നു ഇദ്ദേഹം.
2018ല്‍ സീനിയോറിറ്റി മാനദണ്ഡപ്രകാരം അദ്ദേഹം ഗുജറാത്ത് ചീഫ് ജസ്റ്റിസാകുമെന്നായപ്പോള്‍ പൊടുന്നനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. അവിടെ ഖുറേഷി സീനിയോറിറ്റിയില്‍ അഞ്ചാമനായതിനാൽ പെട്ടെന്നൊന്നും ചീഫ് ജസ്റ്റിസ് ആകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നീക്കം.
പിന്നീട് 2019ൽ ആഖില്‍ ഖുറേഷിയെ സുപ്രീം കോടതി കൊളീജിയം മധ്യപ്രദേശ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാറിന് ശിപാര്‍ശ ചെയ്തിരുന്നു. എന്നാൽ, തീരുമാനമെടുക്കാതെ മാസങ്ങൾക്ക് ശേഷം പ്രസ്തുത നാമനിര്‍ദേശം മടക്കി അയച്ചു. 2019 സെപ്തംബര്‍ അഞ്ചിന് വീണ്ടും സുപ്രീം കോടതി കൊളീജിയം ചേർന്ന് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശിപാര്‍ശ ചെയ്തു. രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ ത്രിപുരയിലേക്ക് ജസ്റ്റിസ് ഖുറേഷിയെ നിര്‍ദേശിച്ചുള്ള ശിപാര്‍ശ ഒടുവിൽ കേന്ദ്രം അംഗീകരിച്ചു.
സുപ്രീംകോടതി ജഡ്ജി നിയമനത്തില്‍ ആഖില്‍ ഖുറേഷിയെ കൊളീജിയം പരിഗണിച്ചിരുന്നില്ല. സീനിയോറിറ്റിയിൽ രണ്ടാമനായിരുന്ന ജസ്റ്റിസ് ആഖില്‍ ഖുറേഷിയെ സുപ്രീംകോടതി ജഡ്ജിയാക്കാൻ കൊളീജിയം തയ്യാറാകാത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഖുറേഷിയെ വീണ്ടും രാജസ്ഥാനിലേക്ക് കൊളീജിയം ശിപാർശ ചെയ്തത്. ജഡ്ജിയോടുള്ള കേന്ദ്രനിലപാട് ഏറെ വിവാദമായതോടെയാണ് ഒടുവിൽ രാജസ്ഥാനിലേക്കുള്ള സ്ഥലംമാറ്റം അംഗീകരിച്ചത്.
ഖുറേഷിയടക്കം അഞ്ച് ഹൈകോടതി ചീഫ് ജസ്റ്റിസുമാർക്ക് സ്ഥലംമാറ്റം നൽകാനും എട്ട് ഹൈകോടതി ജഡ്ജിമാർക്ക് ചീഫ് ജസ്റ്റിസുമാരായി സ്ഥാനക്കയറ്റം നൽകാനുമുള്ള കൊളീജിയം ശിപാർശയാണ് ഇന്ന് കേന്ദ്രം അംഗീകരിച്ചത്.
1. ജസ്റ്റിസ് ആഖിൽ ഖുറേഷി: രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസ് (നിലവിൽ ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസ്)
2. ജസ്റ്റിസ് ഇന്ദ്രജിത്ത് മഹന്തി: ത്രിപുര ഹൈകോടതി ചീഫ് ജസ്റ്റിസ് (നിലവിൽ രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസ്)
3. ജസ്റ്റിസ് മുഹമ്മദ് റഫീഖ്: ഹിമാചൽ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് (നിലവിൽ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ്)
4. ജസ്റ്റിസ് ബിശ്വനാഥ് സോമദ്ദർ: സിക്കിം ഹൈകോടതി ചീഫ് ജസ്റ്റിസ്(നിലവിൽ മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസ്)
5. ജസ്റ്റിസ് എ.കെ. ഗോസ്വാമി: ഛത്തീസ്ഗഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് (നിലവിൽ ആന്ധ്രാപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ്)
1. ജസ്റ്റിസ് രാജേഷ് ബിന്ദൽ: അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ് (നിലവിൽ കൊൽക്കത്ത ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്)
2. ജസ്റ്റിസ് രഞ്ജിത് വി. മോർ: മേഘാലയ ഹൈകോടതി ചീഫ് ജസ്റ്റിസ് (നിലവിൽ മേഘാലയ ഹൈകോടതി ജഡ്ജി)
3. ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ: തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസ് (നിലവിൽ കർണാടക ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്)
4. ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ: കൊൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസ് (നിലവിൽ മധ്യപ്രദേശ് ഹൈകോടതി ജഡ്ജി)
5. ജസ്റ്റിസ് ആർ.വി. മലിമത്ത്: മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് (നിലവിൽ ഹിമാചൽ പ്രദേശ് ഹൈകോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്)
6. ജസ്റ്റിസ് ഋതു രാജ് അവസ്തി: കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് (നിലവിൽ അലഹബാദ് ഹൈകോടതി ലക്നൗ ബെഞ്ച് സീനിയർ ജഡ്ജി)
7. ജസ്റ്റിസ് അരവിന്ദ് കുമാർ: ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ് (നിലവിൽ കർണാടക ഹൈക്കോടതി ജഡ്ജി)
8. ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര: ആന്ധ്രപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് (നിലവിൽ ഛത്തീസ്ഗഡ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്)
In exercise of power conferred under Constitution of India, Hon. President of India, in consultation with Chief Justice of India, is pleased to appoint following Judges as Chief Justices of High Courts along with transfer of following Chief Justices. @rashtrapatibhvn @KirenRijiju pic.twitter.com/PGw9fkIhxQ
— Department of Justice-India (@DoJ_India) October 9, 2021
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.