വിദ്യാർഥികൾ തിലകം ചാർത്തിയും ചരട് കെട്ടിയും സ്കൂളിൽ വരേണ്ടെന്ന് ജസ്റ്റിസ് ചന്ദ്രു കമ്മിറ്റി

ചെന്നൈ: സ്‌കൂളുകളിൽ വിദ്യാർഥികൾ നെറ്റിയിൽ തിലകം ചാർത്തിയും കൈകളിൽ ചരടു കെട്ടിയും വരുന്നത് നിരോധിക്കണമെന്ന് ജസ്റ്റിസ് ചന്ദ്രു കമ്മിറ്റി തമിഴ്നാട് സർക്കാറിനോട് ശിപാർശ ചെയ്തു.

കഴിഞ്ഞവർഷം തിരുനെൽവേലി ജില്ലയിൽ സ്‌കൂൾ വിദ്യാർഥിയെ സഹപാഠികൾ വെട്ടിക്കൊന്നിരുന്നു. തുടർന്നാണ് സ്‌കൂൾ-കോളജ് വിദ്യാർഥികൾക്കിടയിൽ ജാതി-വംശീയ വികാരങ്ങൾ മൂലമുണ്ടാകുന്ന ആക്രമണങ്ങൾ ഒഴിവാക്കാനും മറ്റും ജസ്റ്റിസ് ചന്ദ്രുവിന്റെ നേതൃത്വത്തിൽ ഏകാംഗ സമിതിയെ സംസ്ഥാന സർക്കാർ നിയോഗിച്ചത്. കമ്മിറ്റി റിപ്പോർട്ട് ജസ്റ്റിസ് ചന്ദ്രു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കൈമാറി.

വിദ്യാർഥികളുടെ ക്ഷേമത്തിനായി ഉടൻ പരിഹരിക്കേണ്ട 20 ശിപാർശകൾ ഉൾപ്പെടെയുള്ളതാണ് റിപ്പോർട്ട്. സ്‌കൂളിന് ജാതിപ്പേരോ ചിഹ്നമോ പാടില്ല. സ്വകാര്യ സ്കൂളുകൾക്ക് ജാതിപ്പേരുണ്ടെങ്കിൽ നീക്കംചെയ്യണം. ഒരു പ്രത്യേക ജാതി കൂടുതലുള്ള പ്രദേശങ്ങളിൽ അതേ സമുദായത്തിൽപ്പെട്ടവരെ ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥരായി നിയമിക്കാൻ പാടില്ല. പ്രധാനാധ്യാപകർ പട്ടികവർഗ വിദ്യാർഥികളുടെ പെരുമാറ്റം പഠിച്ച് വാർഷിക റിപ്പോർട്ട് തയാറാക്കണം.

വിദ്യാർഥികളുടെ ഹാജർ രജിസ്റ്ററിൽ ജാതിപ്പേര് ചേർക്കരുതെന്നും ജസ്റ്റിസ് ചന്ദ്രു നിർദേശിച്ചു. ഗൂഢലക്ഷ്യത്തോടെ ഹിന്ദുക്കൾക്കെതിരായ റിപ്പോർട്ടാണിതെന്നും കമ്മിറ്റി ശിപാർശകൾ തമിഴ്നാട് സർക്കാർ തള്ളിക്കളയണമെന്നും ബി.ജെ.പി നേതാവ് എച്ച്. രാജ ആവശ്യപ്പെട്ടു.

Tags:    
News Summary - Justice Chandru Committee said that students should not come to school wearing tilak and string

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.