ഭോപാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഒരുകൂട്ടം ആളുകൾ മർദിച്ച് കൊലപ്പെടുത്തിയ ദലിത് യുവാവിന്റെ സഹോദരി പൊലീസിന്റെ ഭാഗത്തുനിന്ന് നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ചു. നേരത്തേ പ്രതികൾ തന്റെ മാതാവിന്റെ വസ്ത്രം വലിച്ചുകീറിയെന്നും ഇത് പൊലീസ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയില്ലെന്നും അവർ പറഞ്ഞു. വ്യാഴാഴ്ച കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തെ കോൺഗ്രസ് ദേശീയ സെക്രട്ടറി സി.പി. മിത്തലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തിങ്കളാഴ്ച സന്ദർശിച്ചു.
പൊലീസ് നീതിപൂർവം പ്രവർത്തിച്ചില്ലെന്ന് മധ്യപ്രദേശ് കോൺഗ്രസ് മാധ്യമവിഭാഗം ചെയർമാൻ കെ.കെ. മിശ്ര പറഞ്ഞു. സംഭവം നടന്ന ഖുറായി നിയമസഭ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എയും സംസ്ഥാന നഗരവികസന മന്ത്രിയുമായ ഭൂപേന്ദ്ര സിങ്ങിന്റെ രാഷ്ട്രീയ സമ്മർദം മൂലമാണ് പൊലീസ് നടപടിയെടുക്കാത്തതെന്നും മിശ്ര ആരോപിച്ചു. സംഭവത്തിൽ 12 പേർക്കെതിരെ കൊലപാതകം, പട്ടികജാതി -വർഗക്കാർക്കെതിരായ അതിക്രമം ഉൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. എട്ടു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.