ന്യൂഡല്‍ഹി: 2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിരോധനത്തിൽ തനിക്ക് വിയോജിപ്പുണ്ടായിരുന്നുവെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി.നാഗരത്ന. രാജ്യത്തെ നോട്ടുകളിൽ 86 ശതമാനവും 500,1000ത്തിന്റെ നോട്ടുകളായിരുന്നു. നിരോധിക്കപ്പെട്ട നോട്ടുകളിൽ 98 ശതമാനവും തിരിച്ചെത്തിയെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. നോട്ട്നിരോധനം സാധാരണക്കാരനെ ശരിക്കും ബുദ്ധിമുട്ടിലാക്കി. അതിനാൽ തനിക്ക് വിയോജിക്കേണ്ടി വന്നുവെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. നൽസാർ യൂനിവേഴ്‌സിറ്റി ഓഫ് ലോയിൽ നടന്ന കോടതികളുടെയും ഭരണഘടനാ സമ്മേളനത്തിന്റെയും അഞ്ചാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജസ്റ്റിസ് നാഗരത്‌ന.
നോട്ട് നിരോധനത്തിലൂടെ പണം വെള്ളപ്പണമാക്കി മാറ്റാനുള്ള ഒരു മാർഗമാണിതെന്ന് ഞാൻ കരുതി. കാരണം ആദ്യം കറൻസിയുടെ 86 ശതമാനവും നോട്ട് അസാധുവാക്കി. കറൻസിയുടെ 98 ശതമാനവും തിരികെ വന്ന് വെള്ളപ്പണമായി. കണക്കിൽപ്പെടാത്ത പണമെല്ലാം ബാങ്കിൽ തിരിച്ചെത്തി.- ജസ്റ്റിസ് പറഞ്ഞു.
അതിനിടെ, പലസംസ്ഥാനങ്ങളിലും ഗവര്‍ണര്‍ വ്യവഹാരബിന്ദുവായി മാറുന്ന പ്രവണത അടുത്തിടെ വര്‍ധിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് പ്രതികരിച്ചു. ഒരു സംസ്ഥാന ഗവർണറുടെ നടപടികളോ ഒഴിവാക്കലുകളോ ഭരണഘടനാ കോടതികളുടെ പരിഗണനക്ക് കൊണ്ടുവരുന്നത് ആരോഗ്യകരമായ പ്രവണതയല്ലെന്നും അവർ സൂചിപ്പിച്ചു.
ഗവർണർ എന്നത് ഗൗരവമേറിയ പദവിയാണ്. ഗവർണർമാർ ഭരണഘടനക്ക് അനുസൃതമായി അവരുടെ ചുമതലകൾ നിറവേറ്റണം. ഒരു കാര്യം ചെയ്യാനും ചെയ്യാതിരിക്കാനും ഗവർണർമാരോട് പറയുന്നത് തികച്ചും ലജ്ജാകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
നേപ്പാൾ, പാകിസ്താൻ സുപ്രീം കോടതികളിലെ ജസ്റ്റിസുമാരായ സപാന പ്രധാൻ മല്ല, സയ്യിദ് മൻസൂർ അലി ഷാ, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലോക് ആരാദ്, നൽസാർ ചാൻസലർ ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട് എന്നിവരും സമ്മേളനത്തിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.