ന്യൂഡൽഹി: അടുത്തമാസം രണ്ടിന് വിരമിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പിൻഗാമിയായി ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ കേന്ദ്ര നിയമ മന്ത്രാലയം നിയമിച്ചു. ഒക്ടോബർ മൂന്നിന് ചുമതലയേൽക്കും. 13 മാസം പദവിയിൽ തുടരുന്ന ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് 2019 നവംബർ 17 വരെ കാലാവധിയുണ്ട്. നിയമന ഉത്തരവിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ പരസ്യമായി ആഞ്ഞടിച്ച് ശ്രദ്ധേയനായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് സീനിയോറിറ്റി പരിഗണിച്ച് പദവി നൽകുമോ എന്ന അഭ്യൂഹം നിലനിൽക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാറിെൻറ പച്ചക്കൊടി.
ദീപക് മിശ്രക്കെതിരെ ഏറ്റവും മുതിർന്ന മറ്റു ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് മദൻ ബി. ലോകൂർ, ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർക്കൊപ്പം കഴിഞ്ഞ ജനുവരിയിലാണ് മാധ്യമപ്രവർത്തകരെ കണ്ട് സുപ്രീംകോടതിയിൽ ബെഞ്ചുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ചത്. സംഭവം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സീനിയോറിറ്റിയിൽ ജസ്റ്റിസ് ദീപക് മിശ്രയുടെ തൊട്ടുപിറകിലായിരുന്ന ജസ്റ്റിസ് ചെലമേശ്വർ ജൂണിൽ വിരമിച്ചതോടെയാണ് ഗൊഗോയിക്ക് അവസരമൊരുങ്ങിയത്.
ഒക്ടോബർ രണ്ടിന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പിൻഗാമിയായി നേരത്തേ ഗൊഗോയിയുടെ പേര് കേന്ദ്ര സർക്കാറിനു മുന്നിൽ വെച്ചിരുന്നു. ഇത് അംഗീകരിച്ചാണ് വ്യാഴാഴ്ച ഉത്തരവിറങ്ങിയത്. 1954ൽ ജനിച്ച് 1978ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ഗൊഗോയ് ഗുവാഹതി ഹൈകോടതി സ്ഥിരം ജഡ്ജിയായി 2001ലാണ് നിയമിതനാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.