ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിൽനിന്ന് കുത്തിയ വിശ്വാസ വഞ്ചകനും ദ്രോഹിയുമാണ് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമിയെന്ന് (ഇ.പി.എസ്) ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈ. വെള്ളിയാഴ്ച വിക്കിരവാണ്ടി നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രാചരണത്തിനെത്തിയ അണ്ണാമലൈ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അണ്ണാ ഡി.എം.കെക്കെതിരെ രൂക്ഷവിമർശനമഴിച്ചുവിട്ടത്.
ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടാതെ മുഖ്യമന്ത്രിയായ എടപ്പാടി കെ. പളനിസാമിയെ തന്റെ തൊട്ടരികിൽ നിർത്തി അംഗീകാരം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചതിക്കുകയായിരുന്നു. അണ്ണാ ഡി.എം.കെയുടെ അടിമയായി പ്രവർത്തിക്കാനൊന്നും ബി.ജെ.പിയെ കിട്ടില്ല. തമിഴ്നാട്ടിൽ സൽഭരണം നൽകുകയാണ് ബി.ജെ.പി ലക്ഷ്യം. നേതൃത്വത്തിന്റെ തെറ്റായ നിലപാടുകൾ മൂലമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ജനം അണ്ണാ ഡി.എം.കെയെ ശിക്ഷിച്ചത്.
പല സീറ്റുകളിലും കെട്ടിവെച്ച തുകയും നഷ്ടമായി. പാർട്ടിയെ രക്ഷിക്കാൻ കഴിയാത്ത ഇ.പി.എസ് തന്നെ ഉപദേശിക്കാൻ വരേണ്ടതില്ലെന്നും അണ്ണാമലൈ പറഞ്ഞു. ക്രമസമാധാനത്തിന്റെ പേരിലാണ് വിക്കിരവാണ്ടി നിയമസഭ ഉപതെരഞ്ഞെടുപ്പ് അണ്ണാ ഡി.എം.കെ ബഹിഷ്കരിച്ചത്. 2026ൽ ക്രമസമാധാനം തകർന്നാൽ നിയമസഭ തെരഞ്ഞെടുപ്പ് അണ്ണാ ഡി.എം.കെ ബഹിഷ്കരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. അണ്ണാ ഡി.എം.കെ സംഘടനപരമായി ചിതലരിച്ചുവരുകയാണ്. അധികാര മോഹത്തിനുവേണ്ടി സംഘടനയെ നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അണ്ണാമലൈ പറഞ്ഞു.
2026 നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കണമെന്ന് തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെ ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ അഭിപ്രായപ്പെടുന്ന സാഹചര്യത്തിലാണ് അണ്ണാമലൈ ഇ.പി.എസിനെതിരെ വ്യക്തിപരമായ വിമർശനമുന്നയിച്ചത്. അണ്ണാമലൈയുടെ പ്രസ്താവനക്കെതിരെ സംസ്ഥാന ബി.ജെ.പി ഘടകത്തിൽ മുറുമുറുപ്പുയർന്നിട്ടുണ്ട്. 2019ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയാണ് ബി.ജെ.പി നാല് സീറ്റുകളിൽ ജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.