ഹൈദരാബാദ്: വീട്ടിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയമായ തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു സുഖം പ്രാപിച്ച് വരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽ അധികൃതരാണ് ആരോഗ്യനില സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.
ശസ്ത്രക്രിയക്ക് ശേഷം റാവുവിന് വേദന കുറഞ്ഞിട്ടുണ്ട്. പൂർണ വിശ്രമത്തിലാണ്. ചികിത്സയുടെ ഭാഗമായി നടക്കുന്നുണ്ട്. റാവു ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്‍റെ നിരീക്ഷണത്തിലാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ഡിസംബർ എട്ടിന് പുലർച്ചെ രണ്ട് മണിയോടെ വീട്ടിനുള്ളിൽ വീണാണ് ചന്ദ്രശേഖർ റാവുവിന് പരിക്കേറ്റത്. പൊട്ടലേറ്റ ഇടുപ്പെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു.
2014 മുതൽ 2023 വരെ തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെ.സി. ചന്ദ്രശേഖർ റാവുവിന് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോടേറ്റ പരാജയത്തിന് ശേഷം വീട്ടിൽ കഴിയുകയായിരുന്നു. തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ മത്സരിച്ചെങ്കിലും കാമറെഡ്ഡിയിൽ തോറ്റപ്പോൾ ഗജ് വേൽ സീറ്റിൽ ജയിച്ചു കയറിയിരുന്നു.
മുഖ്യമന്ത്രിയായി അധികാരമേറ്റ രേവന്ത് റെഡ്ഡിയും കെ.സി.ആറും തമ്മിലുള്ള പോരാട്ടത്തിലൂടെ രാജ്യശ്രദ്ധ നേടിയ കാമറെഡ്ഡി മണ്ഡലത്തിൽ പക്ഷെ ജയിച്ചു കയറിയത് ബി.ജെ.പിയുടെ കാട്ടിപ്പള്ളി വെങ്കട രമണ റെഡ്ഡിയായിരുന്നു. 119 അംഗ തെലങ്കാന നിയമസഭയിൽ 64 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരം പിടിച്ചത്. കെ.സി.ആറിന്റെ ഭാരത് രാഷ്ട്ര സമിതിക്ക് (ബി.ആർ.എസ്) 39 സീറ്റുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.