ന്യൂഡൽഹി: സംഘ്പരിവാർ വിവാദമാക്കിയ 'കാളി' ഡോക്യുമെന്‍ററി ചിത്രത്തിന്‍റെ പോസ്റ്ററുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ സംവിധായിക ലീന മണിമേഖലക്ക് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി. കേസുകളിൽ ലീന മണിമേഖലക്കെതിരെ തുടർനടപടിയെടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 'കാളി' പോസ്റ്റർ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വിവിധ സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തത് ലീന മണിമേഖലക്കെതിരെ ഗൗരവകരമായ മുൻവിധി സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, എല്ലാ എഫ്.ഐ.ആറുകളും ഒന്നാക്കണമെന്ന ആവശ്യത്തിൽ സംസ്ഥാനങ്ങൾക്ക് നോട്ടീസയച്ചു. കേസ് ഫെബ്രുവരി 20ന് വീണ്ടും പരിഗണിക്കും.
തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സംവിധായിക ലീന മണിമേഖല സുപ്രീംകോടതിയിൽ ഹരജി നൽകിയത്. തന്റെ പുതിയ ഡോക്യുമെന്‍ററി സിനിമയുടെ പ്രചാരണത്തിനായി കാളീദേവിയുടെ വേഷമിട്ട ഒരു സ്ത്രീ പുകവലിക്കുന്ന ദൃശ്യമടങ്ങുന്ന പോസ്റ്റർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് ലീനയ്ക്കെതിരേ ഹിന്ദുത്വശക്തികൾ വിദ്വേഷപ്രചാരണം തുടങ്ങിയതും കേസുകൾ വന്നതും. എല്ലാം ഉൾക്കൊള്ളുന്ന ദേവിയായി കാളിയെ അവതരിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും ആരെയും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ലീനയുടെ ഹരജിയിൽ പറയുന്നു.
തമിഴ്‌നാട്ടിലെ മധുരയിൽ ജനിച്ച് കാനഡയിലെ ടൊറന്റോയിൽ കഴിയുന്ന ലീന, അവിടത്തെ ആഗാഖാൻ മ്യൂസിയത്തിൽ നടക്കുന്ന റിഥം ഓഫ് കാനഡ മേളയ്ക്കുവേണ്ടിയാണ് സിനിമയെടുത്തത്. ടൊറന്റോയിലെ തെരുവിൽ ഒരുസായാഹ്നത്തിൽ കാളീദേവി പ്രത്യക്ഷപ്പെടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. വിവാദത്തെത്തുടർന്ന് സിനിമയുടെ പ്രദർശനം മ്യൂസിയം ഉപേക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.