ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ ലക്ഷ്യമിട്ട് നടൻ കമൽഹാസന്‍റെ മക്കൾ നീതി മയ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും. ഒമ്പത് ജില്ലകളിലേക്ക് ഒക്ടോബർ ആറിനും ഒമ്പതിനുമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണത്തിനായി കമൽ നേരിട്ടിറങ്ങും.
പാർട്ടി പുനർനിർമാണത്തിന്‍റെ ചവിട്ടുപടിയായാണ് കമൽ തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്. 'തദ്ദേശ തെരഞ്ഞെടുപ്പിൽ എം.എൻ.എം ഒറ്റക്ക് മത്സരിക്കും. ഒമ്പത് ജില്ലകളിലും ഞാൻ പ്രചാരണത്തിനെത്തും. പടക്കളത്തിൽ കാണാം. വിജയം നമുക്കാണ്' -കമൽ ട്വീറ്റ് ചെയ്തു.
ഈ വർഷം ഏപ്രിലിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യ ജനനായക കക്ഷി, ആൾ ഇന്ത്യ സമത്വ മക്കൾ കക്ഷി എന്നീ പാർട്ടികളുമായി സഖ്യമുണ്ടാക്കിയെങ്കിലും എം.എൻ.എം ദയനീയമായി പരാജയപ്പെടുകയായിരുന്നു. പാർട്ടിയുടെ മോശം പ്രകടനത്തിന് പിന്നാലെ വൈസ് പ്രസിഡന്‍റ് ആർ. മഹേന്ദ്രൻ അടക്കം പ്രമുഖർ പാർട്ടി വിട്ടു.
കഴിഞ്ഞ കാലങ്ങളിൽ നഗരപ്രദേശങ്ങളിൽ മാത്രം ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്ന പാർട്ടി ഗ്രാമീണ മേഖലകളിലേക്കും വേരോട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.