ന്യൂഡൽഹി: ബോളിവുഡ് നടി കങ്കണ റണാവത്തും രാമായണം സീരിയലിൽ രാമനായി അഭിനയിച്ച അരുൺ ഗോവിലും ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ അഞ്ചാംഘട്ട സ്ഥാനാർഥി പട്ടികയിൽ ഇടംനേടി. 111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് ബി.ജെ.പി നേതൃത്വം പ്രഖ്യാപിച്ചത്.
സ്വന്തം നാടായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽനിന്നാണ് കങ്കണ മത്സരിക്കുന്നത്. ഉത്തർപ്രദേശിലെ മീററ്റിൽനിന്ന് അരുൺ ജനവധി തേടും. സിറ്റിങ് എം.പിയായ മേനക ഗാന്ധി സുൽത്താൻപുരിൽ മത്സരിക്കും. എന്നാൽ, മകൻ വരുൺ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചു. വരുണിന്റെ മണ്ഡലമായ പിലിബത്തിൽ ജിതിൻ പ്രസാദയാണു സ്ഥാനാർഥി.
ഹരിയാനയിലെ കുരുക്ഷേത്രയിൽനിന്ന് വ്യവസായി നവീൻ ജിൻഡാൽ, കർണാടകയിലെ ബെലഗാമിൽനിന്ന് ബി.ജെ.പിയിലേക്ക് തിരിച്ചെത്തിയ ജഗദീഷ് ഷെട്ടാർ എന്നിവർ മത്സരിക്കും. തന്നെ സ്ഥാനാർഥിയാക്കിയ പാർട്ടി നേതൃത്വത്തിന് 37കാരിയായ കങ്കണ സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചു. കങ്കണയും അരുണും ജനുവരിയിൽ അയോധ്യയിലെ രാമപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തിരുന്നു.
വരുൺ ഗാന്ധിയെ ബി.ജെ.പി ഒഴിവാക്കുമെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. വരുൺ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് സൂചന. എസ്.പി-കോൺഗ്രസ് സഖ്യം വരുണിനെ പിന്തുണച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.