ന്യൂഡൽഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന മന്ത്രി പീയുഷ് ഗോയലിെൻറ വിശദീകരണങ്ങൾക്കിടയിൽ പാർലമെൻറ് കമ്മിറ്റി യോഗത്തിൽ റെയിൽവേ ഉദ്യോഗസ്ഥരുടെ ഉരുണ്ടുകളി. കഞ്ചിക്കോട് പദ്ധതി ഉപേക്ഷിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ടോ എന്ന് പാർലമെൻറിെൻറ റെയിൽവേ കൺവെൻഷൻ കമ്മിറ്റി യോഗത്തിൽ കെ.സി. വേണുഗോപാൽ എം.പി ചോദിച്ചപ്പോഴായിരുന്നു ഇത്. വ്യക്തമായ മറുപടി നൽകാതെ ബാലിശമായ വാദഗതികളാണ് റെയിൽവേ ബോർഡ് റോളിങ് ബോർഡ് അംഗം രവീന്ദർ ഗുപ്ത മുന്നോട്ടുവെച്ചതെന്ന് വേണുഗോപാൽ പറഞ്ഞു.
റെയിൽവേക്ക് ആവശ്യമായ കോച്ചുകൾ കപൂർത്തല, ചെന്നൈ, റായ്ബറേലി തുടങ്ങിയ കോച്ച് ഫാക്ടറികളിൽനിന്ന് കിട്ടുന്നുണ്ടെന്ന് രവീന്ദർ ഗുപ്ത വിശദീകരിച്ചു. മൂന്നു വർഷത്തിനു ശേഷം റെയിൽവേയുടെ പ്രത്യേക ചരക്കുകടത്ത് ഇടനാഴി നിർമാണം തുടങ്ങാൻ കഴിയും. തുടർന്ന് കോച്ചുകൾ കൂടുതൽ ആവശ്യമായി വരുന്ന മുറക്ക് കഞ്ചിക്കോട് ഫാക്ടറി തുടങ്ങാൻ കഴിയുമെന്നും ഗുപ്ത കൂട്ടിച്ചേർത്തു.
ഇൗ നിലപാട് ഒളിച്ചുകളിയാണെന്ന് യോഗത്തിൽ വേണുഗോപാൽ കുറ്റപ്പെടുത്തി. ഇത്തരം ന്യായങ്ങൾ ഉന്നയിക്കുന്ന കേന്ദ്രസർക്കാർ, യു.പിയിൽ കോച്ച് ഫാക്ടറിക്ക് സ്ഥലം ഏറ്റെടുത്തു നൽകാൻ അവിടത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തൽസ്ഥിതി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായും വേണുഗോപാൽ അറിയിച്ചു. കേരളത്തിലെ റെയിൽ വികസനത്തിന് കഴിഞ്ഞ നാലു വർഷത്തിനിടയിൽ കേന്ദ്രം സ്വീകരിച്ച നടപടികളെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.