കന്നട എഴുത്തുകാരി സാറാ അബൂബക്കർ അന്തരിച്ചു

കാസർകോട്: പ്രമുഖ കന്നട എഴുത്തുകാരിയും സ്ത്രീവിമോചക പ്രവർത്തകയുമായ സാറാ അബൂബക്കർ (86) അന്തരിച്ചു. മംഗളുരുവിലെ വസതിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച വൈകിട്ട് മംഗളുരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

'കന്നടയിൽ എഴുത്തിന്റെ വഴിവെട്ടിയ ധീരയായ മുസ്‍ലിം വനിത' എന്ന പേരിൽ അറിയപ്പെടുന്ന സാറാ വനിതകളുടെ കൂട്ടായ്മക്കും നേതൃത്വം നൽകി. കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ല​ങ്കേഷുമായി അടുത്ത ബന്ധം പുലർത്തിയ സാറാ, ഗൗരിയുടെ ല​​ങ്കേഷ് പത്രികയിലൂടെയായിരുന്നു ശ്രദ്ധേയമായ എഴൂത്തുകാരിയായത്. വിവർത്തകയും നോവലിസ്റ്റും ചെറുകഥാകൃത്തുമായ അവർ കന്നട-മലയാളം വിവർത്തനത്തിൽ പാലമായി വർത്തിച്ച അവർ ഒട്ടേറെ പ്രമുഖ മലയാളം കൃതികൾ കന്നടയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. എഴുത്തിൽ ആരുടെയും ചേരികളിൽപെടാതെ സ്വന്തമായ ഇടം കണ്ടെത്തി ധീരമായി സാഹിത്യ ജീവിതം നയിച്ച എഴുത്തുകാരിയായിരുന്നു സാറാ അബൂബക്കർ.

1936 ജൂൺ 30ന് കാസർകോട് ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന ഫോർട്ട് റോഡ് തെരുവത്ത് കുന്നിൽ പുതിയ പുരയിൽ അഹമ്മദിന്റെയും സൈനബിയുടെയും ആറുമക്കളിൽ ഏക പെൺതരിയായി ജനനം. കാസർകോട് ചെമ്മനാട് സ്കൂളിൽ മലയാളം പഠിച്ച് തുടക്കം. നാലാം ക്ലാസുമുതൽ കന്നട മീഡിയത്തിലേക്ക്. തുടർന്ന് കാസർകോട് മലയാളം പഠിക്കാൻ സൗകര്യമില്ലാത്തതിനാൽ കന്നടയിലേക്ക് മാറി. കര്‍ണാടക ഹൗസിങ് ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന പരേതനായ അബൂബക്കറാണ് ഭർത്താവ്. മക്കള്‍: അബ്ദുല്ല (ചാർ​ട്ടേഡ് അക്കൗണ്ടന്റ്, അമേരിക്ക), നാസര്‍ (ഫിഷറീസ് കോളജ് മുന്‍ പ്രഫസര്‍), റഹീം (ബിസിനസ് മംഗളൂരു), ഷംസുദ്ദീന്‍ (റിട്ട. എഞ്ചിനീയര്‍). മരുമക്കള്‍: സബിയ, സക്കീന, സെയ്ദ, സബീന. 1965ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച ലെഫ്. കേണല്‍ മുഹമ്മദ് ഹാഷിം, പരേതനായ പി. അബ്ദുല്ല, പി. മുഹമ്മദ് ഹബീബ്, ഡോ. പി. ഷംസുദ്ദീന്‍, അഡ്വ. പി. അബ്ദുല്‍ ഹമീദ് (കാസര്‍കോട് നഗരസഭയുടെ ആദ്യ കൗൺസിലിലെ സ്ഥിരംസമിതി അധ്യക്ഷന്‍) എന്നിവർ സഹോദരങ്ങളാണ്.

കർണാടക സാഹിത്യ അകാദമി അവാർഡ്, അനുപമ നിരഞ്ചന അവാർഡ്, ഭാഷാ സമ്മാൻ, കന്നട രാജ്യോത്സവ അവാർഡ്, രത്നമ്മ ഹെഗ്ഡെ മഹിളാ സാഹിത്യ അവാർഡ്, ദാന ചിന്താമണി ആട്ടി മബ്ബെ അവാർഡ്, സാഹിത്യ സമഗ്ര സംഭാവനക്കുള്ള ഹംപി സർവകലാശാല നഡോജ പുരസ്കാരം എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ച സാറക്ക് മംഗളുരു സർവകലാശാല ഡോക്ടറേറ്റും നൽകി ആദരിച്ചിരുന്നു. 1990 മുതൽ 94വരെ വരെ പ്രദേശിക ഭാഷാ എഴുത്തുകാരുടെ സംഘടനയുടെ പ്രസിഡന്റായും പ്രവർത്തിച്ചു.

ചന്ദ്രഗിരിയ തീരതല്ലി(1981), സഹന(1985), വജ്രഗളു(1988), കദന വിരാമ(1991), സുളിയല്ലി സിക്കവരു(1994) തല ഒഡേഡ ധോനിയല്ലി(1997), പഞ്ചറ(2004) എന്നീ നോവലുകളും ചപ്പാലിഗളു, പായന, അർധരാത്രിയല്ലി ഹുട്ടിട കൂസു, കെദ്ദാ, സുമയ, ഗണസാക്ഷി എന്നീ ചെറുകഥകളും രചിച്ചിട്ടുള്ള സാറ, കമലാദാസിന്റെ മനോമി, ബി.എം. സുഹറയുടെ ബലി, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ, ഖദീജ മുംതാസിന്റെ ബർസ തുടങ്ങിയ കൃതികൾ കന്നടയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മറ്റു സാഹിത്യേതതര കൃതികളും സാറയുടേതായി ഉണ്ട്.

Tags:    
News Summary - Kannada writer Sara Abubakar passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.