ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാൻസലറുടെ പുനർനിയമനത്തിലും യോഗ്യതാമാനദണ്ഡം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.
ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യംചെയ്ത് കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവർ സമർപ്പിച്ച ഹരജികള്‍ വിധിപറയാൻ മാറ്റിയാണ് സുപ്രീംകോടതിയുടെ അഭിപ്രായപ്രകടനം.
കണ്ണൂര്‍ സര്‍വകലാശാല നിയമപ്രകാരം 60 വയസ്സ് കഴിഞ്ഞവരെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ കഴിയില്ലെന്നും എന്നാല്‍, പുനര്‍നിയമനത്തിന് ഈ ചട്ടം ബാധകമല്ലെന്നുമുള്ള സംസ്ഥാനസര്‍ക്കാറിന്റെ നിലപാട് ശ്രദ്ധയിൽപെടുത്തിയതിനോട് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. നിയമത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്ന യോഗ്യതാ മാനദണ്ഡം പാലിച്ചുകൊണ്ട് മാത്രമേ പുനര്‍നിയമനം നടത്താന്‍ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
പുനര്‍നിയമനത്തിന് ഇളവ് അനുവദിക്കാന്‍ കഴിയുമോ എന്ന് ചാന്‍സലറായ ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോണി ജനറലിനോട് ബെഞ്ച് ചോദിച്ചപ്പോൾ അനുവദിക്കാന്‍ കഴിയില്ലെന്നായിരുന്നു അറ്റോണി ജനറല്‍ ആര്. വെങ്കിട്ടരമണിയുടെ മറുപടി. '
എല്ലാ കക്ഷികളുടെയും വാദം കേട്ടശേഷം ബെഞ്ച് ഹരജികൾ വിധിപറയാൻ മാറ്റി. ഹരജിക്കാരായ ഡോ. പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവർക്ക് വേണ്ടി ദാമ ശേഷാദ്രി നായിഡു, അതുല്‍ ശങ്കര്‍ വിനോദ് എന്നിവരും സംസ്ഥാന സര്‍ക്കാറിന് വേണ്ടി മുന്‍ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍, സ്റ്റാൻഡിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ എന്നിവരും വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി ബസവപ്രഭു പാട്ടീലും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.