കാൺപൂർ സംഘർഷം: 40 പേരുടെ പോസ്റ്റർ പുറത്തുവിട്ട് പൊലീസ്

കാൺപൂർ: ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് കടകൾ അടച്ചിടുന്നതിനെ ചൊല്ലി കാൺപൂരിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 40 പേരുടെ പോസ്റ്റർ കാൺപൂർ പൊലീസ് പുറത്തുവിട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റർ തയാറാക്കിയത്. ജൂൺ മൂന്നിനായിരുന്നു സംഘർഷം ഉണ്ടായത്.

പ്രതികൾക്കായി തിരച്ചിൽ നടത്താൻ പൊതുജനങ്ങൾ സഹായിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. കലാപബാധിത പ്രദേശത്തും പരിസരത്തും ഹോർഡിങ്ങുകൾ സ്ഥാപിക്കുമെന്നും സംശയിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ ഇതിൽ പ്രദർശിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്. പ്രതികളെ കുറിച്ച് വിവരം അറിയിക്കാൻ ആളുകൾക്ക് വാട്ട്‌സ്ആപ് നമ്പറും നൽകിയിട്ടുണ്ട്. വിവരം നൽകുന്നവരുടെ വിവരങ്ങൾ മറച്ചുവെക്കുമെന്നും പാരിതോഷികമായി പണം നൽകുമെന്നും പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്.

വിവാദ പ്രസ്താവനക്കെതിരെ ആദ്യം പ്രതിഷേധമുയർന്ന കാൺപൂരിൽ 1000ത്തിലേറെ പേരടക്കം സംസ്ഥാനത്ത് നിരവധി പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നൂറിലേറെ പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. ഇരുകൂട്ടർക്കിടയിൽ നടന്ന സംഘർഷത്തിൽ പൊലീസ് തിരിച്ചറിഞ്ഞ 55 പ്രതികളിൽ എല്ലാവരും മുസ്‌ലിംകളാണ്. 38പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Tags:    
News Summary - Kanpur riot: Police released posters of 40 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.