ലഖ്നോ: കൻവാർ യാത്രയോടനുബന്ധിച്ച് കടകളിൽ ഉടമയുടെ പേരെഴുതിയ ബോർഡ് തൂക്കണമെന്ന യു.പിയിലെ മുസഫർ നഗർ പൊലീസിന്റെ നിർദേശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമുൾപ്പെടെ രംഗത്ത് വന്നിട്ടും വിവാദ ഉത്തരവ് പിൻവലിച്ചിട്ടില്ല.
ഉത്തരവിലൂടെ ഒരുകാരണവുമില്ലാതെ രാജ്യത്തെ മുസ്‍ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ആരോപിച്ചു. ''യു.പിയിൽ കൻവാർ യാത്ര കടന്നുപോകുന്ന വഴികളിൽ വിദ്വേഷം പരത്തുകയാണ്. ഒരു കാരണവുമില്ലാതെ ഇന്ത്യൻ മുസ്‍ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ പൂർണ ഉത്തരവാദിത്തം രാഷ്ട്രീയ പാർട്ടികൾക്കും ഹിന്ദുത്വ നേതാക്കൾക്കും സെക്കുലർ എന്നവകാശപ്പെടുന്ന പാർട്ടികൾക്കുമാണ്.''-ഉവൈസി എക്സിൽ കുറിച്ചു.
അതേസമയം, പ്രതിപക്ഷം ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പശ്ചിമബംഗാളിലെ ബി.ജെ.പി നേതാവ് സുകാന്ത മജുംദാർ ആരോപിച്ചു. യു.പിയിൽ സമാജ്‍വാദി പാർട്ടി ഭരിച്ചപ്പോഴും ഇത്തരം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും മജുംദാർ പറഞ്ഞു. പാകിസ്താൻ സ്ഥാപകൻ മുഹമ്മദലി ജിന്നയുടെ ചുമതല ഏറ്റെടുത്തിരിക്കുകയാണ് ഉവൈസിയെന്നും മജുംദാർ പരിഹസിച്ചു.
''പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളങ്ങളാണ് പ്രചരിപ്പിക്കുന്നത്. സമാന രീതിയിലുള്ള ഉത്തരവുകൾ മുലായംസിങ് യാദവ് സർക്കാരിന്റെയും അഖിലേഷ് യാദവ് സർക്കാരിന്റെയും കാലത്ത് പുറപ്പെടുവിച്ചിരുന്നു. ഇതൊരു പതിവു പരിപാടിയാണ്, അല്ലാതെ കൻവാർ യാത്രയോട് അനുബന്ധിച്ചല്ല. മതം തിരിച്ചറിയാനല്ല, കടയുടമ നിയമാനുസൃതമായാണോ പ്രവർത്തിക്കുന്നത് എന്നറിയാനാണിത്. മാംസാഹാരം കഴിക്കുന്ന ഹിന്ദുക്കൾ മുസ്‍ലിംകളുടെ കടയിൽ പോകാറുണ്ട്. പശ്ചിമബംഗാളിൽ, അത്തരത്തിലുള്ള എത്രയോ കടകളിൽ ഞങ്ങൾ പോകാറുണ്ട്. ആ കടകൾ മുസ്‍ലിംകളുടെതാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജിന്നയുടെ റോൾ ഏറ്റെടുത്തിരിക്കുകയാണ് ഉവൈസി.''-എന്നാണ് മജുംദാർ പറഞ്ഞത്. ഇത്തരത്തിലുള്ള വിഭജന അജണ്ടകൾ രാജ്യത്തെ ഭിന്നിപ്പിക്കുമെന്ന് രാജ്യസഭ എം.പി കപിൽ സിബലും വിമർശിച്ചിരുന്നു.
മതത്തിന്റെ മറവിലുള്ള പുതിയ രാഷ്ട്രീയ ഗെയിം ആണിതെന്നാണ് ജംഇയ്യത്ത് ഉലമായെ ഹിന്ദ് നേതാവ് മൗലാന അർഷദ് മദനി കുറ്റപ്പെടുത്തിയത്. ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം ദലിതുകളാണെന്നാണ് പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടത്. ''ആദ്യം മുസ്‍ലിംകളുടെ അവകാശങ്ങൾ ചവിട്ടി മെതിച്ച ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം ദലിതുകളും പിന്നാക്ക വിഭാഗങ്ങളുമാണ്. തീർത്തും വ്യത്യസ്തമായ ഒരു ഭരണസംവിധാനം ഉണ്ടാക്കാനാണ് അവർ ആഗ്രഹിക്കുന്നത്. യു.പിയിൽ ഇപ്പോൾ അവർ ചെയ്തുകൊണ്ടിരിക്കുന്നത് ഭരണഘടനക്ക് വിരുദ്ധമാണ്.''-മെഹബൂബ മുഫ്തി എക്സിൽ കുറിച്ചു. ശിവസേന നേതാവ് സഞ്ജയ് റാവുത്തും ഉത്തരവിനെതിരെ രംഗത്തുവന്നിരുന്നു. രാജ്യത്തിന്റെ ഐക്യം തകർക്കുകയാണ് ബി.ജെ.പി എന്നണ് റാവുത്ത് ആരോപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.