'ഉമർ ഖാലിദിനെ തൂക്കിലേറ്റും, ഡൽഹി അക്രമത്തിൽ സാക്കിർ നായിക്കിന്​ പങ്ക്​ '-ബി.ജെ.പി നേതാവ് കപിൽ മിശ്ര

ന്യൂഡഹി: ഡൽഹി കലാപത്തിൽ കുറ്റം ആരോപിച്ച്​ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് നടപടിയെ അഭിനന്ദിച്ച്​ ബി.ജെ.പി നേതാവ് കപിൽ മിശ്ര രംഗത്ത്. ഉമർ ഖാലിദ്, താഹിർ ഹുസൈൻ, ഖാലിദ് സെയ്ഫി തുടങ്ങിയവരാണ് ആസൂത്രിതമായ കൂട്ടക്കൊല നടത്തിയതെന്നും ഈ തീവ്രവാദികളെയും കൊലയാളികളെയും തൂക്കിലേറ്റുമെന്നും മിശ്ര പറഞ്ഞു. ഒരു മിനുട്ട്​ നീണ്ടുനിൽക്കുന്ന വിഡിയോ സന്ദേശത്തിലൂടെയാണ്​ കപിൽ മിശ്ര വിദ്വേഷ പ്രസംഗം നടത്തിയത്​.

''2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന അക്രമങ്ങൾ മുംബൈ 26/11 ഭീകരാക്രമണത്തിന് സമാനമായിരുന്നു. ഉമർ ഖാലിദ്, താഹിർ ഹുസൈൻ തുടങ്ങിയ കുറ്റവാളികളെ തൂക്കിലേറ്റും. ആളുകളെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെടുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്. ഡൽഹിയിലെ പൗരന്മാർ നീതിക്കായി കാത്തിരിക്കുന്നു''

''സഫൂറ സർഗാർ, ഖാലിദ്, സൈഫി തുടങ്ങിയ പൗരത്വ പ്രക്ഷോഭകരാണ് ആളുകളെ കൂട്ടക്കൊല ചെയ്യാൻ ലക്ഷ്യമിട്ട് കലാപം ആസൂത്രണം ചെയ്തത്. കലാപത്തിന് മാസങ്ങൾ നീണ്ട ആസൂത്രണം ഉണ്ടായിരുന്നു. അപൂർവാനന്ദിനെപ്പോലുള്ളവരുടെയും സാക്കിർ നായിക്കിനെ​പോലുള്ളവരുടെയും കരങ്ങളും ഇതിനുപിന്നിലുണ്ട്​'' -മിശ്ര പറഞ്ഞു.

എന്നാൽ ഡൽഹി വംശീയാതിക്രമത്തിന് പിന്നിൽ കപിൽ മിശ്രക്ക്​ പങ്കുണ്ടെന്ന വിവരങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഫെബ്രുവരി 23 ന് വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമം പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കപില്‍ മിശ്ര വിദ്വേഷപ്രസംഗം നടത്തിയിരുന്നു. ഇതാണ്​ കലാപത്തിന്​ വഴിവെച്ചത്​.

ഡൽഹി വംശീയാതിക്രമവുമായി ബന്ധപ്പെട്ട് യു.എ.പി.എ അടക്കമുള്ള കുറ്റം ചുമത്തിയാണ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.