ബംഗളൂരു: ഹിന്ദു എന്ന വാക്കിന് സ്വന്തം നിലക്ക് അർഥം കണ്ടെത്തി കർണാടക ബി.ജെ.പി നേതാവ് രമേശ് കട്ടി. ഹിന്ദു എന്ന വാക്കിന്റെ അർഥം സംബന്ധിച്ചും ഉറവിടം സംബന്ധിച്ചും കർണാടകയിലെ കോൺഗ്രസ് നേതാവ് സതീഷ് ജാർകിഹോളി ഈയടുത്ത് നടത്തിയ പരാമർശം വിവാദമായിരുന്നു. ഹിന്ദു എന്ന വാക്കിന് അശ്ലീലമായ അർഥമാണുള്ളതെന്നും അതിന്റെ ഉറവിടം ഇന്ത്യയല്ല, പേർഷ്യയാണ് എന്നുമായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം.
അതിനു മറുപടിയുമായാണ് ബി.ജെ.പി നേതാവ് രംഗത്ത് വന്നത്. ''ഹിന്ദുയിസം ഇപ്പോൾ ചർച്ചയായിരിക്കുകയാണ്. ഹിന്ദു മതം ഇല്ല. അതൊരു രൂപാന്തരമാണ്, ഒരു ജീവിത രീതി. ജീവിതത്തിലേക്കുള്ള വഴി''-എന്നായിരുന്നു രമേശ് കട്ടി പറഞ്ഞത്.
''ഞാനൊരു പാട് പുസ്തകങ്ങൾ വായിച്ചിട്ടുണ്ട്. എവിടെ നിന്നാണ് ഹിന്ദു എന്ന വാക്ക് ആവിർഭവിച്ചത്. ഹിന്ദു എന്നത് ഒരു മതമല്ല, ഒരു ദേശീയത തന്നെയാണ്''-അദ്ദേഹം തുടർന്നു. ബെലഗാവിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ബി.ജെ.പി നേതാവ്.
കോൺഗ്രസ് നേതാവിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധമുയർന്നിട്ടും തന്റെ വാദത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു കോൺഗ്രസ് നേതാവ്. താൻ പറഞ്ഞത് തെറ്റാണെന്ന് ആരെങ്കിലും തെളിയിച്ചാൽ രാജിവെക്കുമെന്നും വെല്ലുവിളിക്കുകയുണ്ടായി.
അതേസമയം, ദേശവിരുദ്ധമായ പരാമർശമാണ് കോൺഗ്രസ് നേതാവിന്റെതെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു.ക്ഷേത്രങ്ങൾ തോറും സന്ദർശിച്ച് പൂജ നടത്തുന്ന രാഹുൽ ഗാന്ധി വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും ഇത്തരം ഇരട്ട സമീപനം കോൺഗ്രസിന് നല്ലതല്ലെന്നും ബൊമ്മൈ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.