ബംഗളൂരു: പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയെ തന്റെ സാന്നിധ്യത്തിൽ ബീഫ് കഴിക്കാൻ വെല്ലുവിളിച്ച് കർണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ചൗഹാൻ. ബീഫ് കഴിച്ചാൽ മുൻ മുഖ്യമന്ത്രിയെ ജയിലിലടക്കുമെന്ന് ഭീഷണിയുംത്തു. "കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ, ഭരണകക്ഷിയായ ബി.ജെ.പി നടപ്പാക്കിയ ഗോവധ നിയമം പിൻവലിക്കും" എന്ന സിദ്ധരാമയ്യയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
സിദ്ധരാമയ്യയെ അഭിസംബോധന ചെയ്ത് ചൗഹാൻ ചോദിച്ചു: "ഗോവധ നിയമം പിൻവലിക്കാൻ അദ്ദേഹം ആരാണ്?. നിങ്ങൾ പശുവിനെ വെട്ടി തിന്നുമെന്ന് നിങ്ങൾ പറയുന്നു. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ മുന്നിൽ അത് ചെയ്യുക. നിങ്ങളെ ജയിലിലേക്ക് അയക്കുന്നത് ഞാൻ നോക്കും" -അദ്ദേഹം പറഞ്ഞു. കർണാടക ഗോവധ നിരോധന നിയമവും കന്നുകാലി സംരക്ഷണ നിയമവും നടപ്പാക്കിയതോടെ സംസ്ഥാനത്ത് ഗോവധം കുറഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഗോവധക്കേസുകളിലെ പ്രതികൾക്ക് രണ്ട് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 50,000 മുതൽ 10 ലക്ഷം രൂപ വരെ പിഴയും ചുമത്തും. ഗോവധ നിരോധന നിയമം മൂലം ഒരു നഷ്ടവുമില്ല. കോൺഗ്രസ് ഇക്കാര്യത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യാതൊരു അടിസ്ഥാനവുമില്ലാതെയാണ് കോൺഗ്രസ് സർക്കാരിനെ എതിർക്കുന്നതെന്നും മന്ത്രി പറഞ്ഞു. 'മന്ത്രിയായതിന് ശേഷം ഞാൻ പശുക്കളെ പരിപാലിക്കുകയാണ്. രാജ്യത്ത് ആദ്യമായി കന്നുകാലികൾക്കായി ആംബുലൻസ് ആരംഭിച്ചത് കർണാടകയിലാണ്" -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.