ബംഗളൂരു: കർണാടക ബി.ജെ.പി എം.എൽ.എ മദൽ വിരുപാക്ഷാപ്പയുടെ മകന്റെ വീട്ടിലും ലോകായുക്തയുടെ പരിശോധന. ആറ് കോടിയുടെ പണം ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് പരിശോധനയുണ്ടായത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാക്കുന്നതാണ് കള്ളപ്പണം പിടിച്ച സംഭവം.
നേരത്തെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ബി.ജെ.പി എം.എൽ.എയുടെ മകൻ പിടിയിലായിരുന്നു. എം.എൽ.എയായ മാദൽ വിരുപക്ഷാപ്പയുടെ മകനെയാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡിലെ ചീഫ് അക്കൗണ്ട്സ് ഓഫീസറായ പ്രശാന്ത് കുമാറിനെ കർണാടക സോപ്പ്സ് ആൻഡ് ഡിറ്റർജന്റ് കമ്പനിയുടെ(കെ.എസ്.ഡി.എൽ) ഓഫീസിൽവെച്ചാണ് പിടികൂടിയത്.
ഛന്നഗിരി മണ്ഡലത്തിലെ എം.എൽ.എയായ വിരുപക്ഷപ്പ കെ.എസ്.ഡി.എൽ കമ്പനിയുടെ ചെയർമാനാണ്. മൂന്ന് ബാഗുകളിൽ നിന്നാണ് പണം കണ്ടെത്തിയത്. 2008 ബാച്ച് കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറാണ് കുമാർ. കോൺട്രാക്ടറിൽ നിന്നും 81 ലക്ഷം രൂപയുടെ കൈക്കൂലി ഇയാൾ ആവശ്യപ്പെട്ടുവെന്നാണ് സൂചന.
കെ.എസ്.ഡി.എൽ ചെയർമാന് ലഭിച്ച കൈക്കൂലിയാണ് ഇതെന്നാണ് നിഗമനം. ലോകായുക്തക്ക് ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇതുസംബന്ധിച്ച പരിശോധനയുണ്ടായത്. പണം വാങ്ങിയതിൽ അച്ഛനും മകനും പങ്കുണ്ടെന്നും മുതിർന്ന ലോകായുക്ത ഓഫീസറെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.