ബംഗളൂരു: സസ്പെൻസ് നിലനിർത്തികൊണ്ട് ചൊവ്വാഴ്ച രാത്രിയും കർണാടക മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ കോൺഗ്രസ് നേതൃത്വം.കർണാടക മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ കോൺഗ്രസ് ഹൈകമാൻഡ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. അവസാന നിമിഷം വരെ പദവിക്കായി ഉറച്ചുനിന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെ അനുനയിപ്പിച്ച് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. എന്നാൽ, നാളെ മാത്രമേ മുഖ്യമന്ത്രി ആരാണെന്ന ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുവെന്നാണ് വാർത്തകൾ.
ഏറെനേരം നീണ്ട ചർച്ചകൾക്കൊടുവിൽ രാഹുൽ ഗാന്ധി സിദ്ധരാമയ്യക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചുമതല കോൺഗ്രസ് തെരഞ്ഞെടുപ്പ് നിരീക്ഷക സമിതി, ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കൈമാറിയിരുന്നു.
ബി.ജെ.പിക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്‍റെ തിളക്കം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിലൂടെ ഇല്ലാതാവരുതെന്ന് മുതിർന്ന നേതാക്കൾ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ, എ.ഐ.സി.സി നിരീക്ഷക സമിതി എല്ലാ എം.എൽ.എമാരുമായും സംസാരിച്ച് ആരെയാണ് പിന്തുണക്കുന്നതെന്ന അഭിപ്രായം തേടിയിരുന്നു. 85 എം.എൽ.എമാരും സിദ്ധരാമയ്യയെ പിന്തുണക്കുന്നുവെന്നാണ് നിരീക്ഷക സമിതിയുടെ റിപ്പോർട്ട്. 45 എം.എൽ.എമാരാണ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം അഞ്ച് അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കട്ടേയെന്ന നിലപാടുകാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെയാണ്, മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചുമതല ദേശീയ അധ്യക്ഷന് വിട്ടത്.
മുഖ്യമന്ത്രി സ്ഥാനം ശിവകുമാറുമായി പങ്കുവെക്കാൻ തയാറെന്ന് സിദ്ധരാമയ്യ നേതൃത്വത്തെ അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. ആദ്യത്തെ രണ്ടുവർഷം മുഖ്യമന്ത്രി പദം തനിക്ക് വേണമെന്നാണ് ആവശ്യം. ആദ്യ രണ്ട് വർഷത്തിന് ശേഷം താൻ സ്ഥാനമൊഴിയുമെന്നും തുടർന്നുള്ള മൂന്ന് വർഷം ശിവകുമാറിന് മുഖ്യമന്ത്രി പദത്തിൽ തുടരാമെന്നുമായിരുന്നു നിർദേശം. ശിവകുമാറിന് ഈ നിർദേശത്തോട് യോജിപ്പുണ്ടെന്നും, ആഭ്യന്തര വകുപ്പുള്ള ഉപമുഖ്യമന്ത്രിയാക്കണമെന്ന നിർദേശമുണ്ടെന്നും റിപ്പോർട്ടുണ്ടായിരുന്നു.
ചരടുവലികൾക്കായി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചെലവഴിക്കുകയും കോൺഗ്രസ് നേതാക്കളെ കണ്ട് ചർച്ച നടത്തുകയും ചെയ്തിരുന്നു. പാർട്ടി തീരുമാനത്തെ അനുസരിക്കുമെന്നും പിന്നിൽ നിന്ന് കുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ലെന്നും ഡി.കെ. ശിവകുമാറും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലെ യോഗം വയറുവേദനയാണെന്ന് പറഞ്ഞ് ഡി.കെ ശിവകുമാർ അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹം ഡൽഹിയിൽ എത്തിയത്.
‘പാർട്ടിക്ക് ആവശ്യമുണ്ടെങ്കിൽ എന്നെ ഉത്തരവാദിത്തം ഏൽപ്പിക്കാം. ഞങ്ങളുടെത് ഐക്യമുള്ള വീടാണ്. അതിൽ 135 അംഗങ്ങളുണ്ട്. ഇവിടെ നിന്ന് ആരെയും ഭിന്നിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് എന്നെ ഇഷ്ടമായാലും ഇല്ലെങ്കിലും, ഞാൻ ഉത്തരവാദിത്തമുള്ള മനുഷ്യനാണ്. ഞാൻ പിന്നിൽ നിന്ന് കുത്തുകയില്ല. ഭീഷണിപ്പെടുത്തുകയുമില്ല.’ - ശിവകുമാർ വ്യക്തമാക്കി.
വ്യാഴാഴ്ചയാകും കർണാടകയിൽ പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ. 224 അംഗ നിയമ സഭയിൽ 135 അംഗങ്ങളുടെ വ്യക്തമായ ഭൂരിപക്ഷം നേടിക്കൊണ്ടാണ് കർണാടകയിൽ കോൺഗ്രസ് ജയിച്ചത്. ബി.ജെ.പിക്ക് 66 സീറ്റ് മാത്രമാണ് നേടാനായത്. കോൺഗ്രസിന്‍റെ മുൻ സഖ്യകക്ഷിയായ ജെ.ഡി.എസിന് 19 സീറ്റ് മാത്രമാണ് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.