ചിക്കമംഗളൂരു: കർണാടകയിലെ കോളജിൽ മുസ്ലിം വിദ്യാർഥികൾ ഹിജാബ് ധരിക്കുന്നതിനെതിരെ കാവി ഷാൾ ധരിച്ചുകൊണ്ട് പ്രതിഷേധവുമായി ചില വിദ്യാർഥികൾ. ചിക്കമംഗളുരു ജില്ലയിലെ ബാലഗഡി സർക്കാർ കോളജിലാണ് സംഭവം.
ഹിജാബ് ധരിച്ച് വിദ്യാർഥികൾ ക്ലാസ് മുറിയിൽ എത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് ചിലർ കാവി ഷാളുമണിഞ്ഞ് കോളജിലെത്തിയത്. മുസ്ലിം വിദ്യാർഥികൾ ഹിജാബ് ധരിച്ച് കോളജിൽ വരുന്നത് അവസാനിപ്പിക്കുന്നതുവരെ തങ്ങൾ കാവി ഷാൾ ധരിച്ച് കോളജിൽ വരുമെന്ന് ഒരു കൂട്ടം വിദ്യാർഥികൾ പറഞ്ഞു. ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കരുതെന്ന് ഈ വിദ്യാർഥികൾ നേരത്തെ മുസ്ലിം പെൺകുട്ടികളോട് ആവശ്യപ്പെട്ടിരുന്നു.
മൂന്ന് വർഷം മുൻപ് ഇതേ പ്രശ്നം ഉണ്ടായപ്പോൾ കോളജ് അധികൃതർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വേഷം ധരിക്കാൻ അനുവാദമുണ്ടെന്ന് അധ്യാപക-രക്ഷാകർതൃ യോഗത്തിൽ അന്ന് തീരുമാനം എടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെയാണ് ഇത്രയും ദിവസം ക്ലാസ് നടന്നത്.
കോളജിൽ സമാധാന അന്തരീക്ഷത്തിൽ ക്ലാസുകൾ നടന്നുകൊണ്ടിരിക്കെയാണ് ഒരു കൂട്ടം വിദ്യാർഥികൾ കാവി സ്കാർഫ് ധരിച്ച് ക്ലാസിലെത്തിയതെന്ന് കോളജ് പ്രിൻസിപ്പൽ അനന്തമൂർത്തി പറഞ്ഞു.
അതേസമയം, ഹിജാബ് ധരിച്ച് ക്ലാസിൽ കയറാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് ഉഡുപ്പി ഗവൺമെന്‍റ് കോളജിലെ ആറ് വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.