ബംഗളൂരു: മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ കോൺഗ്രസ് 124 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. 69 സിറ്റിങ് എം.എൽ.എമാരിൽ 60 പേരും വീണ്ടും കളത്തിലിറങ്ങും. മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ ശക്തികേന്ദ്രമായ മൈസൂരു വരുണ മണ്ഡലത്തിൽനിന്ന് മത്സരിക്കും.
മകൻ ഡോ. യതീന്ദ്രയുടെ സിറ്റിങ് സീറ്റാണിത്. എന്നാൽ, ആദ്യ പട്ടികയിൽ യതീന്ദ്രയെ പരിഗണിച്ചിട്ടില്ല. സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ പരമ്പരാഗത മണ്ഡലമായ കനകപുരയിൽ ജനവിധി തേടും. ദേശീയ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ സിറ്റിങ് സീറ്റായ കലബുറഗി ചിതപൂരിൽ (പട്ടികജാതി) നിന്നും ദേവനഹള്ളിയിൽനിന്നും മത്സരിക്കും.
കോലാറിൽനിന്ന് മത്സരിക്കാനാണ് ആദ്യം സിദ്ധരാമയ്യ തീരുമാനിച്ചിരുന്നതെങ്കിലും സുരക്ഷിതമല്ലെന്ന വിലയിരുത്തലിനു ശേഷമാണ് മണ്ഡലം മാറിയത്. നിലവിൽ ബാഗൽകോട്ട് ജില്ലയിലെ ബദാമി മണ്ഡലം എം.എൽ.എയാണ് അദ്ദേഹം. ഇത്തവണ മറ്റൊരു മണ്ഡലത്തിൽ നിന്നുകൂടി സിദ്ധരാമയ്യ മത്സരിക്കുമെന്നാണ് സൂചന.
കോലാറിൽനിന്നും ബദാമിയിൽനിന്നും മത്സരിക്കാനാണ് ആദ്യം ആഗ്രഹിച്ചത്. എന്നാൽ, ആദ്യ പട്ടികയിൽ ഈ രണ്ടു സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആകെ 224 മണ്ഡലങ്ങളാണുള്ളത്. ജനതാദൾ -എസ് 93 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. ബി.ജെ.പി പ്രഖ്യാപനം വന്നിട്ടില്ല.
കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ എട്ടു മുസ്ലിം സ്ഥാനാർഥികളുണ്ട്. യു.ടി. ഖാദർ അലി ഫരീദ് (മംഗളൂരു), തൻവീർ സേട്ട് (നരസിംഹരാജ), എൻ.എ. ഹാരിസ് (ശാന്തിനഗർ), റിസ്വാൻ അർഷദ് (ശിവാജി നഗർ), റഹിം ഖാൻ (ബിദർ), ഇഖ്ബാൽ ഹുസൈൻ എച്ച്.എ (രാമനഗര), എ.ഇസെഡ്. സമീർ അഹ്മദ് ഖാൻ (ചാമരാജ്പേട്ട്), കനീസ് ഫാത്തിമ (ഗുൽബർഗ ഉത്തർ) എന്നിവരാണിവർ.
ആദ്യ പട്ടികയിൽ ആറു വനിതകളെയാണ് കോൺഗ്രസ് രംഗത്തിറക്കുന്നത്. കനീസ് ഫാത്തിമ (ഗുൽബർഗ ഉത്തർ), ലക്ഷ്മി രവീന്ദ്ര ഹെബ്ബാൽകർ (ബെൽഗാം റൂറൽ), ഡോ. അഞ്ജലി നിംബാൽകർ (ഖാനാപുർ), എം. രൂപകല (കെ.ജി.എഫ്), എച്ച്. കുസുമ (രാജരാജേശ്വരി നഗർ), ആർ. സൗമ്യ (ജയനഗർ).
കോൺഗ്രസ് പട്ടിക വന്നതോടെ സൊറാബ് മണ്ഡലത്തിലെ പോരാട്ടം സഹോദരങ്ങൾ തമ്മിലാകും. ഇവിടെ മുൻ മുഖ്യമന്ത്രി എസ്. ബംഗാരപ്പയുടെ മകൻ മധു ബംഗാരപ്പയെയാണ് കോൺഗ്രസ് നിർത്തുന്നത്.
സിറ്റിങ് എം.എൽ.എയായ കുമാർ ബംഗാരപ്പ തന്നെയാകും ബി.ജെ.പി സ്ഥാനാർഥിയെന്നാണ് സൂചന. അങ്ങനെയെങ്കിൽ മക്കൾ പോരാട്ടത്തിന് മണ്ഡലം സാക്ഷ്യം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.