ബംഗളൂരു: നിയമസഭ ബജറ്റ് സമ്മേളനത്തിനിടെ ബി.എസ്. യെദിയൂരപ്പയുടെ ഒാഡിയോ ടേപ്പ് പുറത്തുവിട്ട് ബി.ജെ.പിയുടെ ഒാപറേഷൻ താമരയുടെ മുനയൊടിച്ചെങ്കിലും സഖ്യസർക്കാറിൽ ഇപ്പോഴും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് റിപ്പോർട്ട്. വിമത കോൺഗ്രസ് എം.എൽ.എമാരായ രമേശ് ജാർക്കിഹോളി, ബി. നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമത്തഹള്ളി തുടങ്ങിയവർ നാളുകൾക്കുശേഷം നിയമസഭ ബജറ്റ് സമ്മേളനത്തിനിടെ മടങ്ങിയെത്തിയെങ്കിലും ഇപ്പോഴും അതൃപ്തി പുകയുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി അടുത്തയാഴ്ച കലബുറഗിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ ഉമേഷ് ജാദവിെൻറ ബി.ജെ.പി പ്രവേശനം സംബന്ധിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കലബുറഗി മണ്ഡലത്തിൽ നിലവിലെ കോൺഗ്രസ് എം.പി മല്ലികാർജുൻ ഖാർഗെക്കെതിരെ ഉമേഷ് ജാദവിനെ കളത്തിലിറക്കാനാണ് ബി.ജെ.പി നീക്കം. കോൺഗ്രസ് എം.എൽ.എ സ്ഥാനം രാജിവെച്ച് ലോക്സഭ സീറ്റിൽ മത്സരിക്കാനാണ് ഉമേഷ് ജാദവിെൻറ തീരുമാനം. ഇതുസംബന്ധിച്ച് നിയമോപദേശവും എം.എൽ.എ നേടി. മാർച്ച് ആറിനാണ് മോദി എത്തുന്നത്. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച എം.എൽ.എസ്ഥാനം രാജിവെക്കുമെന്നാണ് അഭ്യൂഹം.
കോൺഗ്രസ് നേതൃത്വവുമായി വിമത എം.എൽ.എമാർ സംസാരിച്ചുവെങ്കിലും രമേശ് ജാർക്കിഹോളിയും ഉമേഷ് ജാദവും തന്ത്രങ്ങൾ മെനയുകയാണെന്നാണ് റിപ്പോർട്ട്. വിമത നീക്കം വീണ്ടും സഖ്യസർക്കാറിന് തലവേദനയാകുമോ എന്നാണ് കണ്ടറിയേണ്ടത്. ഉമേഷ് ജാദവിെൻറ നീക്കത്തിനൊപ്പം സഖ്യസർക്കാറിനെ അസ്വസ്ഥമാക്കുന്നതാണ് രമേശ് ജാർക്കിഹോളിയുടെ നീക്കം. ലോക്സഭ തെരഞ്ഞെടുപ്പിൽ ചിക്കോടി മണ്ഡലത്തിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയാകാൻ സാധ്യതയുള്ള അണ്ണാസാഹിബ്, ബി.ജെ.പി എം.എൽ.എ ശശികല എന്നിവരുമായി കഴിഞ്ഞദിവസം രമേശ് ജാർക്കിഹോളി ചർച്ച നടത്തി. അണ്ണാസാഹിബിെൻറ ഫാം ഹൗസിലായിരുന്നു കൂടിക്കാഴ്ച.
ചർച്ച നടത്തുന്നതിെൻറ ചിത്രങ്ങളും പുറത്തുവന്നു. രണ്ടുമണിക്കൂറിലധികം ചർച്ച നീണ്ടു. രമേശ് ജാർക്കിഹോളിയുടെ അനുയായിയായ കോൺഗ്രസ് നേതാവ് അശോകും പങ്കെടുത്തിരുന്നു. ബി.ജെ.പിയുടെ ഒാപറേഷൻ താമര നീക്കം ഇപ്പോഴും നടക്കുന്നുണ്ടെന്നും സഖ്യസർക്കാറിൽ അവർ തുടർന്നും പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും കഴിഞ്ഞദിവസം മന്ത്രിയും രമേശ് ജാർക്കിഹോളിയുടെ സഹോദരനുമായ സതീഷ് ജാർക്കിഹോളി വ്യക്തമാക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് രാജി നീക്കത്തിലൂടെ പൊട്ടിത്തെറിയുണ്ടാക്കി സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ബി.ജെ.പി നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.