ബംഗളൂരു: കമ്പനികളിൽ നിന്ന് വാക്സിൻ 'നേരിട്ട് വാങ്ങി' സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകുന്നതിനായി 100 കോടിയുടെ പദ്ധതിയുമായി കർണാടക കോൺഗ്രസ്. വാക്സിൻ ക്ഷാമത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ചു കൊണ്ടാണ് വാക്സിൻ നേരിട്ടു വാങ്ങി വിതരണം ചെയ്യാൻ അനുമതി നൽകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.
നിലവിൽ സ്വകാര്യ ആശുപത്രികൾക്കും സംസ്ഥാന സർക്കാരുകൾക്കും മാത്രമാണ് വാക്സിൻ ഉൽപാദകരിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാനുള്ള അനുമതിയുള്ളത്. കോൺഗ്രസ് എം.എൽ.സിമാരുടെയും എം.എൽ.എമാരുടെയും ഫണ്ടുകൾ ചേർത്തു കൊണ്ട് 90 കോടിയും കർണാടക കോൺഗ്രസ് പാർട്ടി ഫണ്ടായ പത്തു കോടിയും ചേർത്ത് 100 കോടിക്ക് വാക്സിൻ വാങ്ങാനാണ് പദ്ധതിയെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജനങ്ങൾക്ക് വാക്സിൻ നൽകുന്നതിൽ മോദി സർക്കാരും യെദിയൂരപ്പ സർക്കാരും സമ്പൂർണമായും പരാജയപ്പെട്ടതിനാൽ കോൺഗ്രസ് സ്വന്തം നിലയിൽ വാക്സിൻ നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് ശിവകുമാർ പറഞ്ഞു. അതിനായി കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും രണ്ടു അനുമതി ആവശ്യമാണ്. എം.എൽ.എ, എം.എൽ.സി ഫണ്ട് ഉപയോഗിച്ച് സുതാര്യമായ രീതിയിൽ കമ്പനികളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങുന്നതിന് അനുമതി നൽകാൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയോട് അപേക്ഷിക്കുകയാണെന്നും ശിവകുമാർ കൂട്ടിചേർത്തു.
കോൺഗ്രസ് എം.പിമാരും അവരുടെ ഫണ്ടിൽ നിന്നുള്ള തുക ഇതിനായി നൽകും. സംസ്ഥാനത്തെ എല്ലാ കോൺഗ്രസ് എം.എൽ.എമാരും എം.എൽ.സിമാരും എം.പിമാരും അവരുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും ഒരു കോടി രൂപ വീതം വാക്സിൻ വാങ്ങി അതാത് മണ്ഡലത്തിലെ ജനങ്ങൾക്ക് നൽകുന്നതിന് ഉപയോഗിക്കുമെന്നും എത്രയും വേഗം എല്ലാവരിലും വാക്സിൻ എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ
വാക്സിൻ ക്ഷാമത്തെ തുടർന്ന് 18 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ സർക്കാർ താൽകാലികമായി നിർത്തിവെച്ചതിന് പിന്നാലെയാണ് കോൺഗ്രസ് വാക്സിനേഷനുള്ള പദ്ധതിയുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.