ബംഗളൂരു: കരാറുകാരന്റെ ആത്മഹത്യയെ തുടർന്ന് ബി.ജെ.പിയിലെ 'തീപ്പൊരി നേതാവും' കർണാടക മന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ രാജിവെച്ചതോടെ പുറത്തുവരുന്നത് കൈക്കൂലിക്കൊതിയുടെ ചീഞ്ഞളിഞ്ഞ കഥകൾ. മോദിയും അമിത് ഷയും ഉൾപ്പെടെയുള്ള കേന്ദ്രനേതൃത്വത്തെ സമീപിച്ചിട്ടും നീതിലഭിക്കാതെയാണ് ബി.ജെ.പി പ്രവർത്തകൻ കൂടിയായ കരാറുകാരൻ ബെളഗാവി സന്തോഷ് പാട്ടീൽ സ്വയം മരണം വരിച്ചത്.
ഒരു വർഷം മുമ്പാണ് സന്തോഷ് പാട്ടീൽ, ഹിന്ദളഗ ഗ്രാമത്തിൽ സർക്കാറിന്റെ 108 പ്രവൃത്തികൾ പൂർത്തിയാക്കിയത്. നാലു കോടി രൂപയുടെ നിർമാണ പ്രവൃത്തികളായിരുന്നു ഇത്. എന്നാൽ, ഒരുവർഷം പിന്നിട്ടിട്ടും സന്തോഷിന് ഇതിന്റെ തുക സർക്കാർ നൽകിയില്ല. വകുപ്പ് മന്ത്രി കെ.എസ്. ഈശ്വരപ്പയുടെ കൈക്കൂലിക്കൊതിയായിരുന്നു ഇതിന് തടസ്സം.
നാല് കോടിയുടെ 40 ശതമാനം അതായത് 1.60 കോടി രൂപ തനിക്ക് 'കമ്മീഷൻ' ആയി നൽകണമെന്നായിരുന്നു ഗ്രാമ വികസന - പഞ്ചായത്തീരാജ് മന്ത്രിയായ ഈശ്വരപ്പയുടെ ആവശ്യം. അത്രയും വലിയതുക നൽകാനാവില്ലെന്നറിയിച്ചതോടെ മന്ത്രിയുടെ തനിസ്വരൂപം പുറത്തുവന്നു. സംഭവം വിവാദമായതോടെ അത്തരമൊരു കരാർ ഏൽപിച്ചിട്ടില്ലെന്നായിരുന്നു ഈശ്വരപ്പയുടെ വകുപ്പ് നൽകിയ മറുപടി. എന്നാൽ, ഈശ്വരപ്പ നൽകിയ ഉറപ്പിലാണ് ഹിന്ദളഗ ഗ്രാമത്തിൽ 108 പ്രവൃത്തികൾ താൻ പൂർത്തിയാക്കിയതെന്നും കരാർ സംബന്ധിച്ച ഉത്തരവ് കൈമാറുകയോ പണം നൽകുകയോ ചെയ്യാത്തതിനാൽ താൻ കടക്കെണിയിലായെന്നുമാണ് സന്തോഷ് സൂചിപ്പിച്ചിരുന്നത്.
പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് 80 തവണ സന്തോഷ് ഈശ്വരപ്പയെ നേരിൽകണ്ടു. അവസാന ആശ്രയമെന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗ്രാമീണ വികസന മന്ത്രി ഗിരിരാജ് സിങ് എന്നിവർക്ക് സന്തോഷ് കത്തെഴുതി. എന്നിട്ടും ഫലമുണ്ടായില്ല. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മന്ത്രി ഗിരിരാജ് സിങ് കർണാടക സർക്കാറിന് കത്തുനൽകിയപ്പോഴാണ് കരാർ ഏൽപിച്ചിട്ടില്ലെന്ന വിചിത്രവാദവുമായി ഈശ്വരപ്പയുടെ വകുപ്പ് രംഗത്തുവന്നത്. എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ സന്തോഷ് കടുംകൈ ചെയ്യുകയായിരുന്നു.
മന്ത്രി ഈശ്വരപ്പയാണ് മരണത്തിനുത്തരവാദിയെന്ന് മരണത്തിനുമുമ്പ് സുഹൃത്തിനയച്ച സന്ദേശത്തിൽ സന്തോഷ് ചൂണ്ടിക്കാട്ടിയിരുന്നു. സന്തോഷ് പാട്ടീലിന്‍റെ ആത്മഹത്യയെ തുടർന്ന് ഉഡുപ്പി പൊലീസ് മന്ത്രിക്കെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിരുന്നു. സന്തോഷിന്റെ ബന്ധു പ്രശാന്ത് പാട്ടീൽ നൽകിയ പരാതിയിൽ ഐ.പി.സി 306 വകുപ്പ് ചുമത്തിയാണ് മന്ത്രിക്കും സഹായികളായ ബസവരാജു, രമേശ് എന്നിവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഈശ്വരപ്പയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് നേതാക്കൾ രാജ്ഭവനിലെത്തി ഗവർണർ താവർചന്ദ് ഗഹ്ലോട്ടിനെ കണ്ടിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധവും അരങ്ങേറിയിരുന്നു.
എന്നാൽ, രാജിവെക്കില്ലെന്ന് ഈശ്വരപ്പയും പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം നടപടിയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആദ്യഘട്ടത്തിൽ നിലപാടെടുത്തു. പ്രതിപക്ഷമായ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെ ബി.ജെ.പി നേതൃത്വം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ഇന്നലെ രാത്രി രാജിക്കത്ത് കൈമാറുകയും ചെയ്തു. സർക്കാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ കോൺട്രാക്ടർമാരുടെ സംഘടന ഒരു മാസത്തേക്ക് പണിമുടക്കും പ്രഖ്യാപിച്ചിരുന്നു.
വിദ്വേഷം വമിക്കുന്ന പ്രസ്താവനകളിലൂടെ വാർത്തയിൽ ഇടംപിടിച്ചയാൾ
വിദ്വേഷ-വർഗീയ പ്രസ്താവനകളിലൂടെ വിവാദനായകനായിരുന്നു ഇന്നലെ രാജിവെച്ച മന്ത്രി കെ.എസ്. ഈശ്വരപ്പ. ശിരോവസ്ത്രത്തിനെതിരായ സമരത്തിനിടെ ചില വിദ്യാർഥികൾ ശിവമൊഗ്ഗയിലെ സ്കൂളിൽ കാവിക്കൊടി ഉയർത്തിയ വിഷയത്തിൽ 'ചെങ്കോട്ടയിൽ ത്രിവർണ പതാകക്കുപകരം ഒരുനാൾ കാവിക്കൊടി ഉയരും' എന്ന ദേശദ്രോഹപരമായ പരാമർശം അദ്ദേഹം നടത്തിയിരുന്നു. തുടർന്ന് ഈശ്വരപ്പയെ പുറത്താക്കണമെന്നും രാജ്യദ്രോഹ കേസ് ചുമത്തണമെന്നും ആവശ്യപ്പെട്ട് നിയമസഭ കോൺഗ്രസ് ദിവസങ്ങളോളം സ്തംഭിപ്പിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
ഈശ്വരപ്പയുടെ ചില പ്രസ്താവനകൾ രാജ്യദ്രോഹവും ഇരു വിഭാഗങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുന്നതാണെന്നും കാണിച്ച് ദോഡപേട്ട പൊലീസിന് നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ നേരത്തെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. ബജ്രംഗദൾ പ്രവർത്തകൻ ഹർഷ ജിഗാഡേയുടെ മരണവുമായി ബന്ധപ്പെട്ട ഈശ്വരപ്പയുടെ പ്രസ്താവനകളായിരുന്നു വിവാദമായത്. ഫെബ്രുവരി 20ന് ബജ്രംഗ്ദൾ പ്രവർത്തകന്റെ കൊലപാതകത്തിൽ അന്വേഷണം നടക്കുന്നതിനിടെ ഇതിന് പിന്നിൽ രാഷ്ട്രീയവും മതപരവുമായ കാരണങ്ങളുണ്ടെന്ന പ്രചാരണം ഈശ്വരപ്പയും മറ്റൊരു ബി.ജെ.പി നേതാവായ ഛന്നബാസപ്പയും ആരംഭിക്കുകയായിരുന്നു. ഹർഷ കൊല്ലപ്പെട്ടശേഷം ഈശ്വരപ്പ നടത്തിയ പ്രകോപന പ്രസ്താവനയെ തുടർന്നാണ് ശിവമൊഗ്ഗ സിറ്റിയിൽ വ്യാപക അക്രമം ഉടലെടുത്തിരുന്നു.
കാവിക്കൊടി ഭാവിയിൽ ത്രിവർണ പതാകക്ക് പകരം ദേശീയ പതാകയായി മാറുമെന്നും ഈശ്വരപ്പ പ്രസ്താവനയിറക്കിയിരുന്നു. "അടുത്ത നൂറുവർഷത്തിനോ ഇരുനൂറു വർഷത്തിനോ അല്ലെങ്കിൽ അഞ്ചുവർഷത്തിനോ ഇടയിൽ ദേശീയപതാകയായി കാവി പതാക മാറും. നൂറ്റാണ്ടുകൾക്ക് മുമ്പ് രാമനും ഹനുമാനുമൊക്കെ അവരുടെ രഥത്തിൽ കാവി പതാക ഉപയോഗിച്ചിരുന്നില്ലേ?. ഭാവിയിലും ഇത് സംഭവിക്കില്ലെന്ന് ആർക്കറിയാം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പറഞ്ഞപ്പോൾ ജനങ്ങൾ ഞങ്ങളെ നോക്കി ചിരിച്ചില്ലേ. എന്നാൽ, അത് ഇപ്പോൾ സാധ്യമാക്കിയില്ലെ? എല്ലായിടത്തും കാവി പതാക ഉയർത്തും. ഇന്നോ നാളെയോ ഇന്ത്യ ഹിന്ദു രാജ്യമാകും. ചെങ്കോട്ടയിലും കാവി പതാക ഉയർത്തും" എന്നായിരുന്നു പ്രസ്താവന.
ബെളഗാവി ഹിന്ദുത്വയുടെ കേന്ദ്രമാണെന്നും ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം സ്ഥാനാർഥി ഉണ്ടാകില്ലെന്നുമുള്ള ഈശ്വരപ്പയുടെ പരാമർശവും മുമ്പ് വിവാദമായിരുന്നു. 'ഹൈന്ദവ സമുദായത്തിൽപ്പെട്ട ഏതൊരു വ്യക്തിക്കും പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ അവസരം നൽകും. ലിംഗായത്തുകാർ, കുറുബകൾ, വൊക്കലിഗക്കാർ, ബ്രാഹ്മണർ തുടങ്ങി ആർക്കുവേണമെങ്കിലും നൽകും. എന്നാൽ ഒറ്റ മുസ്ലിമിന് പോലും അവസരം നൽകില്ല' -എന്നായിരുന്നു അന്ന് ഈശ്വരപ്പ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.