ബംഗളൂരു: കോവിഡിൽനിന്നും മുക്തി നേടിയ ബംഗളൂരുവിലെ പിഡിയാട്രിക് ഫിസിയോ തെറപ്പിസ്റ്റിന് ബ്ലാക്ക് ഫംഗസ്, ഗ്രീൻ ഫംഗസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് തന്നെ രണ്ടു രോഗങ്ങളും ഒരാളിൽ സ്ഥിരീകരിക്കുന്നത് ആദ്യമായിട്ടാണെന്നാണ് റിപ്പോർട്ട്. ഡോ. ആർ. കാർത്തികേയനാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണയായി ഉണ്ടാകുന്ന ബ്ലാക്ക് ഫംഗസ് രോഗ ബാധയല്ലെന്നും മൂക്കിൽ പച്ചയും തവിട്ടുനിറവും കലർന്ന തടിപ്പുണ്ടായെന്നും കൂടുതൽ പരിശോധനയിലാണ് ഗ്രീൻ ഫംഗസാണെന്ന് സ്ഥിരീകരിച്ചതെന്നും ബംഗളൂരു ബി.ജി.എസ് ഗ്ലെനെഗൾസ് ഗ്ലോബൽ ആശുപത്രിയിലെ ഡോ. പ്രശാന്ത് ആർ. റെഡ്ഢി പറഞ്ഞു.
ആദ്യം ബ്ലാക്ക് ഫംഗസും പിന്നീട് ഗ്രീൻ ഫംഗസും സ്ഥിരീകരിക്കുകയായിരുന്നു. കോവിഡ് ബാധിച്ചതിനെത്തുടർന്ന് മൈസൂരുവിലാണ് അദ്ദേഹം ചികിത്സ തേടിയത്. പ്രമേഹ രോഗിയായതിനാൽ തന്നെ ചികിത്സക്കായി സ്റ്റിറോയിഡുകളും ഉപയോഗിച്ചിരുന്നു. 12 ദിവസത്തെ ഐ.സി.യു ചികിത്സക്കുശേഷമാണ് കോവിഡ് രോഗ മുക്തി നേടിയത്. എന്നാൽ, ഇതിനുശേഷമാണ് മുഖത്ത് തടിപ്പും കഠിനമായ തലവേദനയും അനുഭവപ്പെട്ടത്. തുടർന്നാണ് വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറിയത്. ശസ്ത്രക്രിയക്കുശേഷം വേദന കുറഞ്ഞെങ്കിലും മുഖത്തെ മരവിപ്പ് തുടരുന്നുണ്ട്. ഫംഗസ് ബാധക്കുള്ള ചികിത്സ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ചെന്നൈ: തമിഴ്നാട്ടിൽ മൂന്നുപേർക്കുകൂടി ഡെൽറ്റ പ്ലസ് ൈവറസ് ബാധിച്ചതായി റിപ്പോർട്ട്. നേരത്തെ ചെന്നൈ സ്വദേശിനിക്ക് ഡെൽറ്റ പ്ലസ് ബാധിച്ചിരുന്നുവെങ്കിലും രോഗമുക്തി നേടിയിരുന്നു. തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യനാണ് ഇക്കാര്യമറിയിച്ചത്.
ബംഗളൂരുവിലെ പരിശോധന കേന്ദ്രത്തിലേക്ക് അയച്ച ആയിരത്തിലധികം സാമ്പിളുകളിൽ ചെന്നൈ, കാഞ്ചിപുരം, മധുര ജില്ലകളിലെ മൂന്നുപേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ മധുര സ്വദേശി മരിച്ചു. ചെന്നൈയിൽ രണ്ടര കോടി രൂപ ചെലവിൽ ഡെൽറ്റ പ്ലസ് പരിശോധന കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി കേന്ദ്ര സർക്കാറിെൻറ അനുമതി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 2,700 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായും 148 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.
മുംബൈ: കോവിഡ് വൈറസിെൻറ ജനിതക വകഭേദമായ ഡെൽറ്റ പ്ലസ് ബാധിച്ച 80 കാരി മരിച്ചു. ഡെൽറ്റ പ്ലസ് ബാധയെ തുടർന്നുള്ള മഹാരാഷ്ട്രയിലെ ആദ്യ മരണമാണിത്. ജീവിതശൈലീ രോഗങ്ങളുള്ള ആളാണ് മരിച്ചതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപ്പെ പറഞ്ഞു. 21 ഡെൽറ്റ പ്ലസ് ബാധിതരാണ് ഇതുവരെ മഹാരാഷ്ട്രയിലുള്ളത്. കൂടുതൽ രോഗികൾ രത്നഗിരിയിലും (ഒമ്പത് ), ജൽഗാവിലും (ഏഴ്) ആണുള്ളത്. മുംബൈയിൽ രണ്ട് പേരുണ്ട്. ഡെൽറ്റ പ്ലസ് മുന്നറിയിപ്പിനെ തുടർന്ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള തീരുമാനം സർക്കാർ പുനഃ പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.