ന്യൂഡൽഹി: ബഹുജന പ്രതിഷേധങ്ങൾക്കും നിയമ സംവിധാനങ്ങൾക്കും പുല്ലുവില കൽപിച്ച് രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള സമാനതകളില്ലാത്ത ക്രൂരതകൾ അധികരിക്കുന്നു. തെലങ്കാനയിൽ വനിത ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കവെ മൂന്നു സംസ്ഥാനങ്ങളിൽകൂടി സമാന സംഭവങ്ങൾ ആവർത്തിച്ചു.
കർണാടക, ബിഹാർ, ആന്ധ്ര എന്നിവിടങ്ങളിലാണ് നടുക്കുന്ന ബലാത്സംഗക്കൊലകൾ അരങ്ങേറിയത്. കർണാടകയിൽ മാനസിക വെല്ലുവിളി നേരിടുന്ന എട്ടു വയസ്സുകാരിയാണ് ക്രൂരതക്കിരയായത്. ൈഹദരാബാദ്-കർണാടക മേഖലയിലെ ചിഞ്ചോളി യാകാപുർ വില്ലേജിൽ തിങ്കളാഴ്ചയാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തിൽ അയൽവാസിയായ യെല്ലപ്പയെ (34) പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽനിന്ന് വരുകയായിരുന്ന രണ്ടാം ക്ലാസുകാരിയെ ചോക്ലറ്റ് കാണിച്ച് കൂടെ കൂട്ടിയശേഷം പീഡിപ്പിച്ചുകൊല്ലുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. ഇയാൾക്കെതിെര ലൈംഗികവൈകൃതങ്ങളുടെ പേരിൽ നേരേത്തയും പരാതികളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് കർണാടകയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി. കലബുറഗിയിൽ കോളജ് വിദ്യാർഥികളടക്കമുള്ളവർ തെരുവിലിറങ്ങി.
ബിഹാറിലെ ബക്സറിലാണ് പെൺകുട്ടിയെ പീഡിപ്പിച്ചുകൊന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പിറ്റേന്ന് പുലർച്ച വികൃതമാക്കിയ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അരക്കു മുകളിലുള്ള ഭാഗം കത്തിയ നിലയിലായിരുന്നുവെന്നും തലയിൽ വെടിയുണ്ട തുളച്ചുകയറിയിരുന്നുവെന്നും ഡിവൈ.എസ്.പി പറഞ്ഞു. കൊലപ്പെടുത്തുന്നതിനുമുമ്പ് പീഡിപ്പിച്ചിരുന്നു. തെളിവ് നശിപ്പിക്കാനാണ് കത്തിച്ചുകളഞ്ഞത്. പെൺകുട്ടിയുടെ കൃത്യമായ വയസ്സ് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പോസ്റ്റ്മോർട്ടത്തിനുശേഷമേ പറയാനാവൂ എന്നും പൊലീസ് അറിയിച്ചു.
ആന്ധ്രയിലെ കിഴക്കൻ ഗോദാവരി ജില്ലയിൽ 50 വയസ്സുള്ള വിധവയെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. ഇവർ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് മൂന്നു പേർ അതിക്രമിച്ചുകടന്നാണ് കൃത്യം നടത്തിയത്. ഇതിൽ ഉൾപ്പെട്ടുവെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അവശേഷിക്കുന്നവരെ 24 മണിക്കൂറിനകം പിടികൂടുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അദ്നാൻ നയീം ആസ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.