ബംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആർക്ക് പിന്തുണ നൽകണമെന്ന കാര്യം തീരുമാനിച്ചിട്ടുണ്ടെന്ന് ജെ.ഡി.എസ്. എക്സിറ്റ്പോൾ സർവേകളിൽ ജെ.ഡി.എസ് കിങ് മേക്കറാവുമെന്ന പ്രവചനങ്ങൾക്കിടെയാണ് നിലപാട് വ്യക്തമാക്കി പാർട്ടജ രംഗത്തെത്തിയത്. കോൺഗ്രസും ബി.ജെ.പിയും ഞങ്ങളുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ജെ.ഡി.എസ് വക്താവ് തൻവീർ അഹമ്മദ് പറഞ്ഞു.
ആർക്കൊപ്പം സഖ്യമുണ്ടാക്കണമെന്നത് ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. കൃത്യമായ സമയത്ത് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വോട്ടെടുപ്പിന് പിന്നാലെ സിംഗപ്പൂരിലേക്ക് പോയ എച്ച്.ഡി കുമാരസ്വാമി ഇന്ന് തിരിച്ചെത്തിയിട്ടുണ്ട്. കർണാടകയിലെത്തിയ അദ്ദേഹം വസതിയിലേക്കാണ് പോയത്.
കർണാടകയിൽ മെയ് 10ന് നടന്ന വോട്ടെടുപ്പിൽ ത്രികോണ മത്സരമാണുണ്ടായത്. ഭൂരിപക്ഷം എക്സിറ്റ്പോളുകളും കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ തങ്ങൾ ഭരിക്കുന്ന ഏക സംസ്ഥാനത്ത് ഭരണം നിലനിർത്താൻ ബി.ജെ.പിയും തിരിച്ചുപിടിക്കാൻ കോൺഗ്രസും ജെ.ഡി-എസും ചൂടേറിയ പ്രചാരണം നയിച്ച തെരഞ്ഞെടുപ്പ് അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ട്രയൽ റണ്ണായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകൾ കുറവാണെങ്കിൽ എതിർ പാർട്ടികളിൽനിന്ന് നേതാക്കളെ വലവീശാൻ തന്നെയാണ് ബി.ജെ.പി പദ്ധതി. ബംഗളൂരുവിൽ ബി.എസ്. യെദിയൂരപ്പയുടെ വസതിയിൽ ബി.ജെ.പി നേതാക്കൾ യോഗം ചേർന്നു.
തങ്ങൾക്ക് ‘പ്ലാൻ ബി’ ഉണ്ടെന്നും ഇത് രണ്ടുതവണ കർണാടകയിൽ നടപ്പാക്കിയതാണെന്നും ചൂണ്ടിക്കാട്ടിയ ബി.ജെ.പി മന്ത്രി ആർ. അശോക, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും നിർദേശപ്രകാരം പ്ലാൻ ബി നടപ്പാക്കുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.