ബംഗളൂരു: രാജ്യത്ത് വർഗീയത പരത്തുന്ന 'ദ കശ്മീർ ഫയൽസ്' സിനിമ നിരോധിക്കണമെന്ന് കർണാടക ഫ്രന്റ്സ് ഫോറം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾക്കെതിരെ പ്രകോപനം അഴിച്ചുവിടാനാണ് സിനിമ ശ്രമിക്കുന്നതെന്ന് ഫോറം പ്രതിനിധി അഷ്ഫാഖ് കുംതാകർ ചൂണ്ടിക്കാട്ടി.
ഇന്ത്യ മതേതര രാജ്യമാണ്. ജാതി, മത, വർണ വിവേചനമില്ലാതെയാണ് എല്ലാ പൗരന്മാരും ഈ രാജ്യത്ത് ജീവിക്കേണ്ടത്. ചെറിയ കുട്ടികൾക്കിടയിൽപോലും വിദ്വേഷം പരത്താനാണ് ദ കശ്മീർ ഫയൽസ് എന്ന സിനിമ ശ്രമിക്കുന്നത്. ഈ സിനിമക്ക് നികുതി ഒഴിവാക്കിയ സർക്കാർ പുനീത് രാജ്കുമാറിന്റെ ജെയിംസ് സിനിമക്ക് നികുതി ഒഴിവാക്കിയിരുന്നെങ്കിൽ അത് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാവും. സിനിമ നിരോധിക്കാൻ രാഷ്ട്രപതി അടിയന്തരമായി ഇടപെടണമെന്നും ഫോറം ആവശ്യപ്പെട്ടു.
കശ്മീരിലെ സംഭവങ്ങൾ വ്യാജമായി മെനഞ്ഞതാണെന്ന് താൻ പറയില്ലെന്നും എന്നാൽ, സിനിമയിലെ സംഭവങ്ങൾ ഒരാളുടെ ഭാവനയാണെന്നും കോൺഗ്രസ് എം.എൽ.എ പ്രിയങ്ക് ഖാർഗെ പറഞ്ഞു. എന്തുകൊണ്ടാണ് ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി സിനിമ ഇറങ്ങാത്തതെന്നും ഇറങ്ങിയാൽ അതും ഇത്തരത്തിൽ പ്രദർശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വർഗീയ ആക്രമണങ്ങൾ അരങ്ങേറാൻ പാടില്ലെന്നുതന്നെയാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.