പ്രജ്വൽ രേവണ്ണ

പ്രജ്വൽ രേവണ്ണയുടെ പാസ്പോർട്ട് റദ്ദാക്കാൻ കേന്ദ്രത്തിന് കർണാടക സർക്കാറിന്റെ കത്ത്

ബംഗളൂരു: ലൈംഗിക അതിക്രമ കേസ് പ്രതി ജെ.ഡി.എസ് ഹാസൻ എം.പി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ട് കർണാടക സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര അറിയിച്ചതാണിത്. പാസ്പോർട്ട് റദ്ദാക്കിയാൽ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ പ്രജ്വൽ നിർബന്ധിതനാവുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

കഴിഞ്ഞ 27നാണ് പ്രജ്വൽ ജർമനിയിലേക്ക് പോയത്. ലൈംഗിക അതിക്രമ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി പ്രജ്വലിനോട് ഹാജരാവാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തെക്കുറിച്ച് വിവരമില്ല. എസ്.ഐ.ടി ലുക്ക് ഔട്ട് നോട്ടീസും ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

മൂന്നു വർഷം മുമ്പ് നടന്ന ലൈംഗിക അതിക്രമം സംബന്ധിച്ച പരാതിയുമായാണ് മുൻ ജില്ല പഞ്ചായത്ത് അംഗം രംഗത്തുവന്നത്. കോളജ് വിദ്യാർഥിനികൾക്ക് ഹോസ്റ്റൽ പ്രവേശം ലഭിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി സമീപിച്ച തന്നെ പ്രജ്വൽ രേവണ്ണ അദ്ദേഹത്തിന്റെ എം.പി ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പീഡിപ്പിക്കുകയും വിഡിയോയിൽ പകർത്തുകയും ചെയ്തതായാണ് പരാതി.

ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞതായും തുടർച്ചയായി ഉപദ്രവിച്ചെന്നും സംഭവം വെളിപ്പെടുത്തിയാൽ ഭർത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിപ്പെട്ടു. 2021ൽ നടന്ന ലൈംഗിക അതിക്രമത്തിന്റെ അശ്ലീല വിവരണം അടങ്ങിയതാണ് പരാതി.

പേടി കാരണം ഇത്രകാലം സഹിച്ച പ്രയാസം പ്രജ്വലിനെതിരെ എസ്.ഐ.ടി അന്വേഷണം ആരംഭിച്ച വേളയിൽ വെളിപ്പെടുത്തുകയായിരുന്നു. പരാതിയിൽ ഒരേ സ്ത്രീയെ നിരന്തരം ബലാത്സംഗം ചെയ്യൽ, അതിക്രമം, പൊതുപ്രവർത്തകയോട് ലൈംഗികവേഴ്ച ആവശ്യപ്പെടുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എസ്.ഐ.ടി കേസെടുത്തത്.

Tags:    
News Summary - Karnataka Govt letter to center to cancel passport of Prajwal Revanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.