ശിവമോഗ (കർണാടക): ഹലാൽ മാംസം വിൽപന നടത്തിയതിന് കർണാടകയിൽ മുസ്‍ലിം വ്യാപാരിക്ക് ബജ്റംഗ്ദൾ പ്രവർത്തകരുടെ മർദ്ദനം. ഹലാൽ മാംസത്തിന് എതിരായ സംഭവങ്ങൾ തന്റെ സർക്കാർ പരിശോധിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ വ്യാഴാഴ്ച ഭദ്രാവതിയിൽ മുസ്‍ലിം കച്ചവടക്കാരനെ ആക്രമിച്ചതായി പൊലീസ് അറിയിച്ചത്. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ശിവമോഗ പൊലീസ് സൂപ്രണ്ട് ബി. എം ലക്ഷ്മി പ്രസാദ്പറഞ്ഞു.
"ബജ്രംഗ്ദൾ പ്രവർത്തകർ തർക്കിക്കുകയും തുടർന്ന് ഒരു മുസ്‍ലിം കച്ചവടക്കാരനെ ആക്രമിക്കുകയും ചെയ്തു. ഭദ്രാവതിയിലെ ഹൊസാമനെ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്" -ശിവമോഗ എസ്.പി പറഞ്ഞു.
ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ ചില ബജ്‌റംഗ്ദൾ പ്രവർത്തകർ ഹൊസാമനെ പ്രദേശത്ത് ഹലാൽ മാംസത്തിനെതിരെ പ്രചാരണം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മുസ്‍ലിം മാംസക്കച്ചവടക്കാരനായ തൗസിഫിനെയാണ് ഇവർ ഭീഷണിപ്പെടുത്തിയത്.
ഇയാളുടെ കോഴിക്കടയിൽ 'നോൺ-ഹലാൽ' ഇറച്ചി വിൽക്കാൻ പ്രവർത്തകർ ആവശ്യപ്പെട്ടതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിനെ എതിർത്തതിനെ തുടർന്ന് പ്രകോപിതരായ പ്രവർത്തകർ ഇയാളെ മർദിക്കുകയായിരുന്നു. അഞ്ച് ഹിന്ദുത്വ-സംഘ്പരിവാർ തീവ്രവാദ പശ്ചാത്തലത്തിലുള്ളവരെ ചോദ്യം ചെയ്തതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.