ബംഗളൂരു: പോക്സോ കേസിൽ അന്വേഷണം നേരിടുന്ന മുതിർന്ന ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പയെ അറസ്റ്റ് ചെയ്യരുതെന്ന് കർണാടക ഹൈകോടതി. കേസുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിനോട് യെദിയൂരപ്പ സഹകരിക്കണമെന്നും കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസം യെദിയൂരപ്പക്കെതിരെ ഫാസ്റ്റ് ട്രാക്ക് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.
ഈ മാസം 17ന് ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് യെദിയൂരപ്പ അന്വേഷണ സംഘത്തിന് കത്തയച്ച സാഹചര്യത്തിലാണ് ഹൈകോടതി അറസ്റ്റ് തടഞ്ഞത്. കുറ്റാരോപിതന്‍റെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിന് അനുമതി നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ ജൂൺ 11ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്നായിരുന്നു ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്‍റ് ആവശ്യപ്പെട്ടത്. നിലവിൽ ഡൽഹിയിലായതിനാൽ 17നു മാത്രമേ ഹാജരാകാനാകൂ എന്ന് യെദിയൂരപ്പ അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ബംഗളൂരു സഞ്ജയ് നഗറിലെ വസതിയിൽ മാതാവിനോടൊപ്പം പീഡനപരാതി അറിയിക്കാനെത്തിയ 17കാരിയെ കൂടിക്കാഴ്ചക്കിടെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ മാർച്ച് 14ന് സദാശിവ നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് സി.ഐ.ഡിക്ക് കൈമാറുകയായിരുന്നു. അർബുദ ബാധിതയായി ചികിത്സയിലിരിക്കെ മേയ് 26ന് പരാതിക്കാരി മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.